ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശനത്തിന് ഇനി ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിനും ഏകീകൃത പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയാണ് മെഡിക്കല്‍ കൗണ്‍സില്‍ ശിപാര്‍ശ അംഗീകരിച്ചത്.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രവേശനപരീക്ഷ നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇതോടൊപ്പം ഓരോ കോളജുകളും പ്രത്യേകം പ്രത്യേകം പ്രവേശനപരീക്ഷകളും നടത്തുന്നുണ്ട്. ഈ കടമ്പകളെല്ലാം കടന്നാല്‍ മാത്രമേ കുട്ടികള്‍ക്ക് മെഡിക്കല്‍ പ്രവേശനം സാധ്യമാകൂ. ഇതു കൂടാതെ വലിയ തുക കാപിറ്റേഷന്‍ ഫീസായി നല്കേണ്ടതായും വരുന്നു. ഏകീകൃത പൊതുപരീക്ഷ വരുന്നതോടെ ഇതില്‍ വ്യത്യാസമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇനി പൊതുപരീക്ഷയാണ് മാനദണ്ഡമാകുക. ബിരുദ കോഴ്സിനും ബിരുദാനന്തര കോഴ്സിനും ഇതേരീതിയില്‍ തന്നെയായിരിക്കും പ്രവേശന പരീക്ഷ നടക്കുക. സ്വകാര്യ സര്‍വകലാശാലകളും കല്പിത സര്‍വകലാശാലകളും ഇതില്‍ ഉള്‍പ്പെടും.
Post Your Comments