പാട്‌ന: ബീഹാറില്‍ ക്രമസമാധാന നില തകരുന്നുവെന്നതിന് മറ്റൊരുദാഹരണം കൂടി. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനെതിരെ മല്‍സരിച്ച എല്‍.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു. എല്‍.ജെ.പി പ്രാദേശിക നേതാവായ ബായിജ്‌നാഥി സിംഗാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം രാഘോപുരില്‍ നിന്നും പാട്‌നയിലേക്ക് വരുവഴിയാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലാണ് തേജസ്വി യാദവിനെതിരെ അദ്ദേഹം മല്‍സരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ രാഘോപൂരിലെ കച്ചി ദര്‍ഗയ്ക്ക് സമീപത്ത് വച്ച് എട്ടംഗസംഗം സിംഗിന്റെ കാര്‍ വളയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. 30 റൗണ്ട് വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പതിനൊന്ന് വെടിയുണ്ടകള്‍ സിംഗിന്റെ ദേഹത്ത് തറച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സിംഗിന്റെ മകന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സിംഗിനെ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയും ഗുരുതരാവസ്ഥയിലാണ്. ശത്രുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബായിജ്‌നാഥി സിംഗിന്റെ മകന്‍ പിന്നീട് പ്രതികരിച്ചു.
Post Your Comments