Technology

ആന്‍ഡ്രോയ്ഡ് ഫോണിനെ കൊല്ലുന്നത് ഇവ രണ്ടും

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന മിക്കവരും നേരിടുന്ന പ്രശ്‌നമാണ് എളുപ്പത്തില്‍ കാലിയാകുന്ന ബാറ്ററിയും വേഗതക്കുറവും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളിലെ യഥാര്‍ത്ഥ വില്ലന്‍ ഫേസ്ബുക്ക് ആണെന്നാണ് ചില നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി പ്ലേ സ്റ്റോര്‍ വഴി ലഭ്യമാക്കിയിരിക്കുന്ന ഫേസ്ബുക്ക്‌ ആപ്പ് ഗൂഗുളിന്റെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് പാര പണിയുന്നതായാണ് സൂചനകള്‍.
ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പിനൊപ്പം ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്ലിക്കേഷനും ഫോണിന്റെ കാര്യക്ഷമത കുറയ്ക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഈ രണ്ട് ആപ്പുകളും ഒഴിവാക്കിയാല്‍ 20 ശതമാനം വരെ ബാറ്ററി ബാക്കപ്പ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും . എല്‍. ജി ജി3 സ്റ്റൈലസ് ഫോണുപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇത് ശരിവെയ്ക്കുന്നതാണെന്ന് തെളിഞ്ഞു.

3000 എം എ എച്ച് ശേഷിയുള്ള എല്‍. ജി ഫോണിന് ഈ രണ്ട് ആപ്പുകള്‍ ഉപയോഗിച്ച് മുഴുവന്‍ സമയ 3ജി അല്ലെങ്കില്‍ വൈ ഫൈ കണക്റ്റിവിറ്റിക്കൊപ്പം 14 മണിക്കൂര്‍ ബാക്കപ്പ് ലഭിച്ചു. എന്നാല്‍ ഈ ആപ്പുകള്‍ ഒഴിവാക്കിയതോടെ ഇത് 18 മണിക്കൂറായി വര്‍ദ്ധിച്ചതായി കണ്ടു. അതായത് ശരാശരി ഉപയോഗം കണക്കാക്കിയാല്‍ 20 ശതമാനത്തിലധികം സമയം ബാറ്ററി നീണ്ടുനില്‍ക്കുന്നു. ജി3 സ്റ്റൈലസ് ഫോണിന് എല്‍. ജി കമ്പനി വാഗ്ദാനം ചെയ്യുന്ന 3ജി ഉപയോഗ ബാക്കപ്പ് പതിനാറര മണിക്കൂറാണ്.

ഫേസ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്പ് മതിയായ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിനു വിധേയമാക്കാന്‍ കമ്പനി മുതിരാത്തതാണ് ഇത്തരത്തില്‍ പോരായ്മകളുള്ള ഒരു ആപ്പിനു പിന്നിലെന്ന് കരുതുന്നു. ആന്‍ഡ്രോയ്ഡ് ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് ബാറ്ററി ചോര്‍ത്തുന്നതിനൊപ്പം ഫോണിന്റെ വേഗത 15 ശതമാനം വരെ ഫേസ്ബുക്കിന്റെ ഈ ആപ്പുകള്‍ കുറയ്ക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഈ പ്രശ്‌നം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇതിനുള്ള പരിഹാരം കാണുമെന്നും ഫേസ്ബുക്കിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ആപ്പുകളുടെ പോരായ്മകള്‍ക്ക് ഫേസ്ബുക്ക് പരിഹാരം കാണുന്നതു വരെ ഫേസ്ബുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്നതിനു പകരം മൊബൈലിലെ ബ്രൗസറില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതാകും നല്ലത്.

shortlink

Post Your Comments


Back to top button