Weekened GetawaysSouth IndiaChilambuIndia Tourism SpotsTravelWriters' Corner

ചില അമ്പരപ്പിയ്ക്കുന്ന യാത്രകൾ – ഭാഗം ഒന്ന് യാത്രകളിൽ അവഗണിയ്ക്കപ്പെടുന്ന കുട്ടികൾ

ജ്യോതിർമയി ശങ്കരൻ

യാത്രകൾ ഒരിയ്ക്കലും വിരസമാകാനിടയില്ല, നിങ്ങൾ അവയെ ആസ്വദിയ്ക്കാൻ തയ്യാറാകുന്നിടത്തോളം. സ്വയം തന്നെത്തന്നെയും കൂടെ യാത്രചെയ്യുന്നവരെയും പുതിയ വാതായനങ്ങളിലൂടെ കാട്ടിത്തരുന്ന സന്ദർഭങ്ങളായി അവ പലപ്പോഴും മാറുന്നു. സാധാരണ ദിവസങ്ങളിലെ മുഷിപ്പേറുന്ന ആവർത്തനങ്ങളിൽ നിന്നുമുള്ള രക്ഷ മാത്രമല്ല അവ പ്രദാനം ചെയ്യുന്നത്. മറിച്ച് തികച്ചും അപരിചിതമായ അന്തരീക്ഷത്തിൽ ഏതാനും മണിക്കൂറുകളിലെ അടുപ്പവും സഹകരണവും സൃഷ്ടിയ്ക്കുന്ന സൌഹൃദത്തിന്റെ ആഴം പലപ്പോഴും നമ്മെത്തന്നെ അത്ഭുതപ്പെടുത്തും വിധമായിരിയ്ക്കാം. യാത്രകൾ സൌഹൃദങ്ങളെ സൃഷ്ടിപ്പിയ്ക്കുമ്പോൾ അവ അനുഭൂതിദായകങ്ങളായി മാറുന്നു. ക്ലേശപൂർണ്ണമായ യാത്രകളും സഹകരിയ്ക്കാനോ സൌഹൃദമനോഭാവം കാട്ടാനോ തയാറാകാത്ത സഹയാത്രികരും നമുക്കും കയ്പ്പേറിയവയായി മാറുന്നു.നല്ല യാത്രകൾ തുറക്കുന്ന നല്ല വാതായനങ്ങളെ നാമെന്നും മനസ്സിൽ സൂക്ഷിയ്ക്കുന്നു. അവയിലൂടെ ഇടയ്ക്കിടെ തലയിട്ടു പുറത്തേയ്ക്കെത്തി നോക്കുമ്പോൾ ജീവിതം സുന്ദരമായിക്കാണപ്പെടുന്നു. കയ്പ്പേറിയ അനുഭവങ്ങൾ മറക്കാനാകാത്തവയായി ഉള്ളിൽ ഒതുങ്ങിക്കഴിയുന്നെങ്കിലും സാന്ദർഭികമായി പലപ്പോഴും പുറത്തേയ്ക്കു തല നീട്ടുന്നു.യാത്രയെന്നാൽ ഏതുവിധത്തിലുള്ളതുമാകാം, ചെറിയവയോ വലിയവയോ എന്നതല്ല കാര്യം.. . കാരണം അനുഭൂതികൾ ഹൃദ്യമാകാൻ നിമിഷത്തിന്റെ ദൈർഘ്യം മാത്രം മതിയാകും പലപ്പോഴും. ക്ലേശപൂർണ്ണാമാകാനും അതുതന്നെ മതിയാകും. ഒരു സാധാരണ ബസ് യാത്രയായാലും, ഓട്ടോറിക്ഷയിലെയോ, വാടകക്കാറിലെയോ, സ്വന്തം കാറിലെയോ യാത്രയായാലും, തീവണ്ടി യാത്രയായാലും, വിമാനയാത്രയായാലും , എന്തിനു പറയുന്നു , ഒരു കാൽനടയാത്രപോലും ചിലപ്പോൾ മനസ്സിൽ ചലനങ്ങളുണർത്തിക്കടന്നു പോയേയ്ക്കാം.അവയിലേയ്ക്കൊന്നു തിരിഞ്ഞുനോക്കി കണ്ണോടിയ്ക്കുമ്പോൾ കിട്ടുന്ന അനുഭൂതികളെ നുണയാൻ നിങ്ങളെയും ക്ഷണിയ്ക്കുകയാണ്.

ഏതാനും ദിവസങ്ങൾക്കു മുൻപുമാത്രം ഉണ്ടായ ഒരു തീവണ്ടിയാത്രയിലെ അനുഭവം ഒരൽ‌പ്പം കയ്പ്പു നിറഞ്ഞതായിരുന്നെങ്കിലും പറയേണ്ടതു തന്നെയെന്നു തോന്നിയതിനാൽ എഴുതുകയാണ്. കഴിഞ്ഞയാഴ്ച്ചയിൽ മുംബെയിൽ നിന്നുംനാട്ടിലേയ്യ്ക്കു വരികയായിരുന്നു.തേറ്ഡ് ഏ.സി.യിൽ അങ്ങോട്ടു പോകുമ്പോൾ തീരെ തിരക്കുണ്ടായിരുന്നില്ല. ആറുപേർക്കിരിയ്ക്കാവുന്ന സ്ഥലത്ത് ഞങ്ങൾ രണ്ടുപേർ മാത്രം.തിരിച്ചു പോരുമ്പോൾ നേരെ വിപരീതമായിരുന്നു സ്ഥിതി.രണ്ടുപേർക്കും രണ്ടു കമ്പാർട്ടുമെന്റിലായിരുന്നു സീറ്റ് കിട്ടിയത്. റെയില്വെയെ സമ്മതിയ്ക്കാതിരിയ്ക്കാനാകില്ല.എന്റെ സീറ്റ് ബി- നാലിലും ശശ്യേട്ടന്റെ സീറ്റ് ബി- ഒന്നിലും.ഭാഗ്യത്തിനു എനിയ്ക്കു ലോവർ ബെർത്ത് കിട്ടിയതിൽ മാത്രം സന്തോഷം തോന്നി. ടി.ടിയുടെ കാരുണ്യത്താൽ ഒരേ ബോഗിയിൽ തന്നെ മാറ്റി കിട്ടിയെങ്കിലും ബോഗിയുടെ രണ്ട് ഭാഗത്തായിരുന്നെന്നു മാത്രം. സാരമില്ല, അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളെന്നു സമാധാനിച്ചു.അടുത്തസ്റ്റേഷനുകളിൽ നിന്നെത്തിയ ട്രാവെൽ ഏജന്റടക്കം ഇരുപത്തൊന്നു പേരടങ്ങുന്ന സീയിയർ സിറ്റിസൺസിന്റെ യാത്രാഗ്രൂപ്പും പിന്നീടെത്തിയ 18 പേരടങ്ങുന്ന (അതിൽ ഏഴുപേർ ചെറിയ കുട്ടികളായിരുന്നു) ഫാമിലി ട്രിപ്പിലെ മുംബൈ ഗ്രൂപ്പും വന്നതോടെ കമ്പാർട്ടുമെന്റിൽ പൂരത്തിരക്കായി.ഈ ഫാമിലി ഗ്രൂപ്പിന്റെ ലഗ്ഗേജുകളും കുട്ടികളും ഉറക്കെയുറക്കെയുള്ള സംസാരവും കരച്ചിലും ദേഷ്യപ്പെടലും സീറ്റു കയ്യേറലും കണ്ടപ്പോൾ തന്നെ മനസ്സിലായി തീരെ ഓർഗനൈസ്ഡ് അല്ലെന്ന്. എട്ടുപേരുടെ സ്ഥലം പങ്കിടാനായി പന്ത്രണ്ടിലധികം പേർ. പലർക്കും വേറെ ബോഗിയിലാണ് സീറ്റ്. പക്ഷേ ഒന്നിച്ചിരിയ്ക്കാതെ വയ്യ താനും. വന്ന്പ്പോൽ മുതൽ എന്നെ സീറ്റിൽ നിന്നും മാറ്റിയിരുത്താൻ ശ്രമം തുടങ്ങി. സ്വാഭാവികമായും നല്ലൊരു സീറ്റു തന്നാൽ മറ്റൊരു സീറ്റിലേയ്ക്കു മാറാൻ എനിയ്ക്കും വിരോധമുണ്ടായിരുന്നില്ല. പക്ഷേ ലോവർ ബെർത്തോ സൈഡ് സീറ്റോ തരാതെ എന്നെ നിർബന്ധിച്ചപ്പോൾ ഞാൻ സീറ്റ് കൊടുക്കാൻ തയ്യാറായില്ല. തൊട്ട ലോവർ ബെർത്തിലെ സീനിയർ ആയ സ്ത്രീയും തയ്യാറായില്ല. യാത്രയിലുടനീളം ഈ ഗ്രൂപ്പിന്റെ ലഹളയും അസൌകര്യങ്ങളും സഹിയ്ക്കേണ്ടി വന്നു. ഉച്ചയൂണിനു ശേഷമുള്ള ശേഷമുള്ള മയക്കം സാധിച്ചില്ല. ഇരിയ്ക്കാനും പലപ്പോഴും അസൌകര്യം തോന്നി. അവരുടെ ഭക്ഷണ സമയം കഴിയുന്നതുവരെയും മറ്റെവിടെയെങ്കിലും പോകേണ്ടി വന്നു. പലപ്പോഴും നിന്നു, മണിക്കൂറുകളോളം നീളുന്ന അവരുടെ ഭക്ഷണം കഴിയുന്നതുവരെയും. ഒക്കെ സഹിച്ചു, പക്ഷേ അകാരണമായും അല്ലാതെയുംകുട്ടികളെ മുഖത്തും പുറത്തുമെല്ലാം അടിയ്ക്കുന്നതു കണ്ടപ്പോൾ പറയാതിരിയ്ക്കാനായില്ല . വെളുത്തു തുടുത്തു പാവക്കുട്ടിപോലുള്ള നാലുവയസ്സുകാരി ആരുടെ ഹൃദയത്തേയും കവർന്നെടുക്കും.അകാരണമായി അച്ഛൻ ആ കുട്ടിയുടെ മുഖത്ത് അടിയ്ക്കുമ്പോൾ തടയാൻ തോന്നി. കഴിയില്ലല്ലോ. പക്ഷേ പറഞ്ഞു, അൽ‌പ്പം ദേഷ്യത്തിൽ തന്നെ.കുട്ടിയാണു, പറഞ്ഞു മനസ്സിലാക്കിയ്ക്കൂ..അടിയ്ക്കരുത്. പ്രത്യേകിച്ചും അന്യരുടെ മുന്നിൽ വഴക്കു പറയരുത്., എന്നൊക്കെ. പറഞ്ഞാൽ കേക്കില്ല, വാശിയാണ് അതുകൊണ്ടാണെന്നെല്ലാം മറുപടി കിട്ടി. വീണ്ടുമൊരിയ്ക്കൽക്കൂടി അമ്മയും അച്ഛനും ഇതാവർത്തിച്ചപ്പോൾ അവരോടിതാവർത്തിച്ചു പറയാതിരിയ്ക്കാനായില്ല. ഗ്രൂപ്പിൽ അധികവും 35ൽ താഴെ വയസ്സുള്ള ദമ്പതിമാരും ചെറിയകുട്ടികളുമാണ്. സ്വയം യാത്രയിലെ സുഖമാസ്വദിയ്ക്കുമ്പോൾ കുഞ്ഞുങ്ങളെ വേണ്ടതുപോലെ അവർക്കു ശ്രദ്ധിയ്ക്കാനാകുന്നില്ലെന്നു മനസ്സിലാക്കാനായി. പലപ്പോഴും ട്രെയിൻ നിർത്തുമ്പോൾ അച്ഛനമ്മാമാർ വെയിൽ കായാൻ പ്ലാറ്റുഫോമിൽ ഇറങ്ങി നിൽക്കുമ്പോൾ അവരെ കാണാതെ കുട്ടികൾ കരയുന്നതും കണ്ടു. അടുത്തിരിയ്ക്കുന്നവരുടെ അസൌകര്യങ്ങൾ മനസ്സിലാക്കാതെയുള്ള വാക്കുകളും പ്രവൃത്തികളും കണ്ട് മുന്നിലെ സീനിയർ ആയ യാത്രക്കാരിയും അവരെ താക്കീതു ചെയ്യുന്നതു കണ്ടു. വണ്ടി ഷൊർണ്ണൂരെത്തിയപ്പോൾ സമാധാനമായി. തൃശ്ശൂരെത്താറായല്ലോ,അധികം വൈകാതെ. പക്ഷേ അവർക്കു വേഗം സുഖമായിരുന്ന് ഊണു കഴിയ്ക്കാനായി ഉടനെ സ്ഥലം കാലിയാക്കാനായിഎന്നെ അവർ നിർബന്ധിച്ചപ്പോൾ അൽ‌പ്പം ദേഷ്യം തോന്നി.അൽ‌പ്പം കൂടി ക്ഷമിച്ചുകൂടേ എന്നു ചോദിച്ചെങ്കിലും ദേഷ്യത്തോടേ അവരെ ഒന്നു നോക്കി കോറിഡോറിൽ പോയി തൃശ്ശൂർ വരെ നിന്നു യാത്ര ചെയ്തു. കുട്ടികളെ അപ്പോഴും അവരിൽച്ചിലർ വഴക്കു പറയുന്നതിലെ എന്റെ അനിഷ്ടവും ഞാൻ മറച്ചു വച്ചില്ല.

യാത്രപറയാനോ ചിരിയ്ക്കാനോ അവരുടെ ചോദ്യങ്ങൾക്കു ഉത്തരം പറയാനോ ഞാൻ തയ്യാറായില്ലയെന്നത് അവർക്കു മനസ്സിലായെന്നു തോന്നുന്നു.വണ്ടി തൃശ്ശൂർ സ്റ്റേഷനിലെത്തി യപ്പോൽ ഞങ്ങൾക്കു പിന്നാലെ പ്ലാറ്റ്ഫോമിലിറങ്ങിയ ചെറുപ്പക്കാരൻ ബുദ്ധിമുട്ടുകൾക്കായി സോറി പറഞ്ഞപ്പോൾ സന്തോഷം തോന്നി. പക്ഷേ പുറത്തു പ്രകടിപ്പിയ്ക്കതെ സാരമില്ലെന്നും ഗ്രൂപ്പുയാത്രകളിൽ ഇതെല്ലാം സാധാരണമാണെന്നും പറയുന്നതിനൊപ്പം മറ്റൊന്നു കൂടി ഓർമ്മിപ്പിയ്ക്കാതിരിയ്ക്കാനായില്ല. അതിലേറെ എന്നെ വിഷമിപ്പിച്ചത് നിങ്ങളുടെയെല്ലാം കുട്ടികളോടുള്ള സമീപനമാണെന്ന്. അവൾ അടങ്ങിയിരിയ്ക്കില്ല, പറഞ്ഞാൽ കേൾക്കില്ല, വാശി പിടിയ്ക്കുന്നു എന്നെല്ലാം പഴയപോലെ ആവർത്തിച്ചപ്പോൾ ഒന്നേ ഓർമ്മിപ്പിയ്ക്കാനായുള്ളൂ. “ അവൾ എത്ര ചെറിയ കുട്ടിയാണ്. സ്നേഹത്തോടെ പറയൂ. നിങ്ങളുടെ ക്ഷമക്കുറവിനു അവളെയെന്തിനു ശിക്ഷിയ്ക്കുന്നു? ഇനിയൊരിയ്ക്കലും അവൾക്കു നേരെ കൈ ഉയർത്തരുത് ”‘ പിന്നെയുമെന്തൊക്കെയോ അധികാരത്തോടെയെന്നോണം അയാളോടായി പറയുന്ന എനിയ്ക്കൊപ്പം ശശ്യേട്ടനും പങ്കു ചേർന്നപ്പോൾ ചെറുപ്പക്കാരന്റെ മുഖത്തെ ജാള്യത കൂടിക്കൊണ്ടേയിരുന്നു. സ്യൂട്ട്കേസും വലിച്ചു നടക്കാൻ തുടങ്ങവേ തിരിഞ്ഞു നിന്ന് സന്തോഷകരമായ ഒരു കേരളയാത്ര അവർക്കായി നേർന്നപ്പോൾ അയാളുടെ മുഖം വിവർണ്ണമായോ , അതോ എന്റെ തോന്നലോ? എന്തായാലും ആദ്യമായാവും തീരെ പരിചയം പോലുമില്ലാത്ത ചിലരിൽ നിന്നും അയാൾക്കാദ്യമായി ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നത്. കൈ വീശിയ അയാൾക്കു നേരെ തിരിഞ്ഞു നോക്കിച്ചിരിച്ച് പ്ലാറ്റ്ഫോം വിടുമ്പോൾ എന്തോ യാത്രാദുരിതമെല്ലാം മറന്ന എന്റെ മനസ്സിലും സന്തോഷം അലയടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button