Technology

ഹോം തിയേറ്ററിനെ വെല്ലുവിളിച്ച് ലെനോവോയുടെ കെ4 നോട്ട്, വില 11,999 രൂപ

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വിപണി പിടിക്കാന്‍ ലെനോവോയുടെ കെ4 നോട്ട് എത്തിയിരിക്കുന്നു. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലെയുള്ള ഫോണിന്റെ വില 11,999 രൂപയാണ്. സമാനതകളില്ലാത്ത മള്‍ട്ടിമീഡിയ സംവിധാനങ്ങളുമായാണ് ലെനോവോ കെ4 നോട്ട് എത്തുന്നത്. ആന്‍ഡ്രോയ്ഡ് 5.1 പ്ലാറ്റ്‌ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഗൊറില്ല ഗ്ലാസ്3 ആണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു സിമ്മുകളും 4ജി സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. 64 ബിറ്റ് ഒക്ടാകോര്‍ പ്രൊസസറുള്ള ഫോണിന്റെ റാം ശേഷി 3ജിബിയാണ്.

ദൃശ്യമികവിലും ശബ്ദ സംവിധാനത്തിലും ഏതൊരു ഫ്‌ളാഗ്ഷിപ്പ് ഫോണിനോടും കിടപിടിക്കത്തക്ക വിധമാണ് കെ4 നോട്ടിന്റെ നിര്‍മ്മാണം. രണ്ടു പ്രധാന സ്പീക്കറുകള്‍ മികച്ച ശബ്ദവിന്യാസം രൂപപ്പെടുത്തുന്നവയാണ്. ഡോള്‍ബി സൗകര്യം പരിപൂര്‍ണ അര്‍ത്ഥത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഫോണ്‍ കൂടിയാണിത്. ഒരു മിനി ഹോം തിയേറ്ററിനെ വെല്ലും ഇതിലെ ശബ്ദത്തിന്റെ കരുത്ത്. ശബ്ദമയമായ ട്രാഫിക്കിലും ഉത്സവപ്പറമ്പുകളിലും വരെ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാതെ സംഗീതം ആസ്വദിക്കാന്‍ ഈ രണ്ടു സ്പീക്കറുകള്‍ മതി.

ഫോണിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് കെ4 നോട്ടിന്റെ മറ്റൊരു പ്രത്യേകത. അഞ്ച് വിരലടയാളങ്ങള്‍ വരെ ഇതില്‍ റെക്കോഡ് ചെയ്യാന്‍ കഴിയും. ഫോണ്‍ സ്ലീപ്പ് മോഡില്‍ നിന്ന് ഹോം ബട്ടണ്‍ അമര്‍ത്താതെ തന്നെ ഓണാക്കാന്‍ ഈ ഫിംഗര്‍പ്രിന്റ് റീഡര്‍ മതി. വൈഡ് ലെന്‍സോടു കൂടിയ 13 എം.പി ഓട്ടോഫോക്കസ് ക്യാമറ മികച്ച നിലവാരം പുലര്‍ത്തുന്നതാണ്. 5 എം. പി മുന്‍ ക്യാമറ ചിത്രങ്ങള്‍ക്ക് മികച്ച തെളിമ നല്‍കുന്നു.

ലെനോവോ കെ4 നോട്ടിന്റെ പ്രധാന സവിശേഷത തിയേറ്റര്‍മാക്‌സ് എന്ന സാങ്കേതിക വിദ്യയാണ്. സിനിമയും മറ്റും വലിയ സ്‌ക്രീനില്‍ കാണാന്‍ ഇത് സഹായിക്കും. ഈ സവിശേഷതയിലൂടെ സാധാരണ വീഡിയോകളും ഗെയിമുകളും 3ഡി അനുഭൂതിയില്‍ ആസ്വദിക്കാനാകുമെന്നാണ് ലേനോവോ അവകാശപ്പെടുന്നത്. എന്നാല്‍ തിയേറ്റര്‍മാക്‌സ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് കൂടിയേ തീരൂ. ഇതിന് 1299 രൂപയാകും. തിയേറ്റര്‍മാക്‌സ് സംവിധാനവും വി. ആര്‍ ഹെഡ്‌സെറ്റും തിയേറ്ററിനു സമാനമായ അനുഭവം സമ്മാനിക്കും എന്നാണ് ലെനോവോയുടെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button