Kadhakal

മഞ്ഞു മൂടിയ തണല്‍മരങ്ങള്‍

മഹ്ബൂബ് കെടി

ഇതു പോലെ ഡിസംബറിലെ മഞ്ഞുമൂടിയ ഒരു പുലരി. ബഹ്രൈനിൽ തണുപ്പ് പിടിച്ചു വന്നതേയുള്ളൂ. സമയം നാല് നാലര ആയിക്കാണും, പതിവ് പോലെ ഡൂട്ടി കഴിഞ്ഞ് ഹുദൈബിയായിലെ മൂന്നാത്തെ ഗല്ലിയിലെ കോണറിൽ കിടക്കുന്ന ഫാത്തിമാ റസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു. കുറച്ചു നാട്ടു വർത്തമാനം പറയണം, പിന്നെ ഒരു ചായേം കടിയും. മലയാളിയെ കാണുന്നതും സംസാരിക്കുന്നതും അവിടെ നിന്നാണ്. റസ്റ്റോറന്റെന്നൊക്കെ പറയുമെങ്കിലും നാട്ടിലെ ചെറിയൊരു പെട്ടിക്കട അത്രേ ഉള്ളൂ. അവിടെ ഇരുന്ന് ഒരു ചായേം മൂന്ന് വെള്ളേപ്പവും തിന്നാല് മനസ്സിന്വലിയൊരാശ്വാസമാണ്. വീട്ടില് നിന്ന് ഉമ്മ ഉണ്ടാക്കിത്തരുന്ന പത്തിലും മുട്ടക്കറീടേം സ്വാദ് കിട്ടും. റസ്റ്റോറന്റിലെ ഹമീദ്ക്ക നമ്മടെ നാട്ടുകാരനാണ്, മൂപരുടെ സംസാരം കേട്ടിരിക്കാന് തന്നെ വേറൊരു രസമാണ്. ചുമ്മാ ഓരോ കാര്യങ്ങളിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും.

“നല്ല തണുപ്പാ ല്ലേ” ജാക്കറ്റു ചുറ്റിപ്പിടിച്ചു വരുന്നത് കണ്ട് ഹമീദ്ക്ക ചോദിച്ചു.
“മ്, നേര നിക്ക്വാനാഅ്ന്നില്ലാന്ന്”
“ഹമീദ്ക്കാ ഒരു ഡബ്ള് പത്തി ചായെട്ത്തോ, ബെള്ളാപ്പം എത്തീക്കില്ലാ ലോ ല്ലേ……” വെള്ളാപ്പം തിന്നാനുള്ള പൂതി കൊണ്ടൊന്നുമല്ല, അത് വരാന് ഇത്തിരി വൈകും, അതുവരെ സൊറ പറഞ്ഞിരിക്കാം, അതിനുള്ള എന്റെ അടവാണ്. ഈ തണുപ്പത്ത് വിറച്ചു കൊണ്ട് കടുപ്പം കൂട്ടിയ ചായ കുടിക്കുന്നത് വേറെ തന്നെ ഒരു സുഖമുള്ള ഏർപ്പാടാണ്. ആദ്യ സിപ്പ് നുകർന്നപ്പോൾ തന്നെ വലിയൊരു ആശ്വാസമായ് തോന്നി. മേലാകെ ഒന്ന് ചൂടു കയറിയത് പോലെ. ഞങ്ങൾ കഥകൾ തുടർന്നു കൊണ്ടിരുന്നു. അതിനിടയിലും അദ്ദേഹം ചായയും കടികളുമൊക്കെ കൊടുക്കുന്നുണ്ട്. അവസാന ഇറക്ക് കഴിഞ്ഞപ്പോൾ പതിയെ തലയുയർത്തി, ചുറ്റുപാടുമൊന്ന് നോക്കി. എന്റെ മുന്നിൽ ഒരു പടു വൃദ്ധൻ ഇരിപ്പുണ്ട്. അറുപത്തഞ്ച് എഴുപത് പ്രായം തോന്നിക്കും, കാഴ്ചയിൽ മലയാളിയാണ്. അദ്ദേഹം ഒരു ചായയും ദോശയും ഓഡർ ചെയ്തു.

പഴകി നരച്ച ഒരു പാന്റും ഷറ്ട്ടും, ജാക്കറ്റൊന്നുമില്ല, ചെവിയിലേക്ക് തണുപ്പടിക്കാതിരിക്കാൻ ഷാൾ ചുറ്റിക്കെട്ടിയിട്ടുണ്ട്. രണ്ടു കൈകളും മുറുകെ പിടിച്ചിരിക്കയാണ്, ചെറുതായി വിറക്കുന്നത് കാണാം. അദ്ദേഹത്തിന്റെ ഓഡർ വന്നു. ദോശയുടെ കഷ്ണമെടുത്ത് ചായയിൽ കുത്തി തിന്നാൻ തുടങ്ങി. ഇതു കണ്ടപ്പോള് എന്തോ ഒരു വിഷമം പോലെ. എന്തിനാണ് ദൈവമെ ഈ വയസ്സാൻ കാലത്ത് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത്……….. ആണ്മക്കളാരുമില്ലേ………, അതോ എല്ലാം പെണ്മക്കളായിരിക്കുമോ……….. കെട്ടിച്ചു കെട്ടിച്ചു പാവം തളർന്നു പോയതാണോ. എന്തോ………. എനിക്കറിയില്ല. അദ്ദേഹം ഓരോ തുണ്ട് ദോശയും ചായയിലേക്ക് മുക്കുമ്പോൾ എന്റെ കണ്ണില് നിന്ന് കണ്ണുനീറ് ഉറ്റി വീഴാൻ തുടങ്ങി.
എനിക്കെന്തു പറ്റി. വെറുതെ ഫീലാവുന്ന ആളാല്ലല്ലോ, ഞാൻ എന്നോട് തന്നെ ചോദിക്കാന് തുടങ്ങി.
ഉത്തരമില്ലേ……..

എന്റെ ജാക്കറ്റ് കൊണ്ട് അദ്ദേഹത്തെ ഒന്ന് പുതപ്പിക്കണമെന്നുണ്ട്, പക്ഷെ കൈ പോലും അനങ്ങുന്നില്ല, “ഇക്കാ ഞാന് ഒരു ദോശ ഓഡറ് ചെയ്യട്ടേ”യെന്ന് ചോദിക്കുന്നുണ്ട്, പക്ഷെ ശബ്ദം പുറത്തേക്ക് വന്നിട്ടില്ല. അദ്ദേഹം പതുക്കെ എഴുന്നേറ്റു നൂറ്റന്‍പത് ഫില്സ് ടാബിളിൽ വെച്ചിട്ട് നടന്നകന്നു.
“മഹ്ബൂ…….. രണ്ട് ബള്ളാപ്പോം കൂടി എട്ക്കട്ടെ”
“വേണ്ട, എന്തോ വയറിന് നല്ല സുഖമില്ല” ഞാന് ഹമീദ്ക്കയോട് മറുപടിയെന്നോണം പറഞ്ഞു.
കാശ് കൊടുത്തു ബംഗാളിയുടെ ബൂത്ത് ലക്ഷ്യമാക്കി നടന്നു.

വാപ്പച്ചിയെ ഒന്ന് വിളിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button