ധർമ്മ രാജ് മടപ്പള്ളി
“ഇയാൾ ഒരാഴ്ച മുമ്പ് മരണപ്പെട്ടു. കൃത്യമായി കത്തുകൾ കൈപ്പറ്റുകയും പൈസ അയക്കുകയും ചെയ്യാറുള്ള ആദം പ്രാരാബ്ദമുള്ള ഒരു കുടുംബത്തിന്റെ നാഥനാണ്. ദാ നോക്കൂ, ഇതാണ് ആദമിന്റെ ഫോട്ടോ. ഇങ്ങനെ പുഞ്ചിരിക്കുന്ന ഒരു ഫോട്ടോ എടുക്കാൻ പത്തിൽ പരം സ്റ്റുഡിയോകളിൽ കയറിയിറ ങ്ങേണ്ടി വന്നൂന്ന് ഒരിക്കൽ ആദം എന്നോട് പറഞ്ഞിരുന്നു . ആദം ഒരു ചെരുപ്പ് കുത്തിയാണ്. അയാൾ കരുതിയത് പാർട്ടി സംഘട്ടന ത്തിലോ ജാതിവെടിപ്പിലോ കൊല്ലപ്പെട്ടേക്കും എന്നാണ്. അങ്ങിനെ തെരുവിൽ കിടന്നുമരിക്കേണ്ടി വന്നാൽ ചിരിക്കുന്ന തന്റെ ഫോട്ടോ പത്രത്തിൽ വരണമെന്നും, ഫോട്ടോ കണ്ട വായനക്കാർ പാവം ആദം എന്ന് പറയണമെന്നും ആദം ആഗ്രഹിച്ചിരുന്നു. പക്ഷെ, വിചിത്രമായൊരു വിധിയായിരുന്നു ആദമിൻറെത്. കോണ്‍ക്രീറ്റ് പാലത്തിന്റെ കൈവരിയിൽ ഉടുതുണി കഴുത്തിൽ കെട്ടി ആദം തൂങ്ങി മരിച്ചു. ആദമിന്റെ നഗ്നത പത്രക്കാർ ഒപ്പിയെ ടുത്തു. നാക്ക് നീട്ടി കണ്ണ് തുറിച്ച് തൂങ്ങിക്കിടന്ന് ആദമിന്റെ ഫോട്ടോ പത്രത്തിൽ വന്നു. ഒപ്പം അജ്ഞാതനെന്ന അടിക്കുറിപ്പും. എന്താ… ഈ വിലാസം തരട്ടെ നിങ്ങൾക്ക്?”
അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. അപൂർണ്ണമായ ആദമിന്റെ ജീവിതം ജീവിച്ചു തീർക്കാൻ അയാൾക്ക് കൊതി തോന്നി.
( അഷറഫ് ആഡൂരിന്റെ . ‘അജ്ഞാതരുടെ ഫോട്ടോകൾ” എന്ന
കഥയിൽ നിന്നും )
പ്രിയ അഷറഫ്,
ഏകാന്തമായ എന്റെ ഈ മണൽ മുറിയിലിരുന്ന് ഞാൻ നിന്നെ വായിക്കുന്നത് അറിയുന്നുണ്ടോ? ബോധാബോധാങ്ങൾക്കിട യിലെ ശീത സാഗരത്തിൽ നീ ഇപ്പോൾ ഒരു പരൽമീൻ. ആഴത്തിലെ മണ്ണിലേക്കും ഉയരത്തിലെ ആകാശത്തിലേക്കും ഇമ്പമാർന്ന കൂപ്പു കുത്തലുകളിലൂടെ നീ ഒരു ദേശത്തെയാകെ അസാധുവാക്കു ന്നുവല്ലോ. നീ എഴുതാതെപോയ എണ്ണമറ്റ കഥാസരിത്തുക്കൾ എന്റെ ഞരമ്പുകളിൽ ഇപ്പോൾ തീക്കുമിള കളിടുന്നുണ്ട്. അതാവാം ഇതുവരെയില്ലാത്ത വിചാരങ്ങളുടെ ഉഷ്ണമേഘ ലകളിലൂടെ ഏകാകിയായി ഞാൻ ഇങ്ങനെ പരക്കം പായുന്നത്.
നിന്റെ ചങ്ങാതിമാർ നിനക്കൊരു വീട് പണിയുകയായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി അവർ അതിനുള്ള നെട്ടോട്ട ത്തിലായിരുന്നു. ഒരു ചെറുസംഘത്തിന് കൂട്ടിയാൽ കൂടുന്ന കാര്യമല്ലത്. എന്നിട്ടും വെടിപ്പോടെ അവരതു ചെയ്തു
കൊണ്ടിരുന്നു. ഉറുമ്പുകൾ അരിമണി കടിച്ചുകൊണ്ട് പോകുംപോലെ… കല്ലുകൾക്കുമേൽ കല്ലുകൾ ഏറ്റിവെച്ച് അവരത് പൂർണ്ണ തയിലെത്തിക്കുന്നു. എന്റെ പ്രിയപ്പെട്ട എഴുത്തുകാരാ അവരിപ്പോൾ നിന്റെ കഥാ വീടിന് ചായം പൂശിക്കൊണ്ടിരിക്കയാണ്. നന്മയുടെ മനുഷ്യ ഹൃദയത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന ചായം ആറാതിരിക്കട്ടെ എന്നും നിന്റെ വീട്ടിൽ.
ഇവിടെ എന്റെ പ്രിയപ്പെട്ട വായനക്കാരാ…. നമുക്കും അഷറഫിനെ ചേർത്തുപിടിക്കാം. എന്തെന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി പരിയാരം മെഡിക്കൽ കോളേജിൽ പക്ഷാഘാ തത്തെ തുടർന്ന് കിടപ്പാണ് അഷറഫ്. കണ്ണുകളിലെ കുഞ്ഞുവെളിച്ചം മാത്രം ഇപ്പോളും ബാക്കിയുണ്ട്. നാം അവനിലേക്ക് കൈ നീട്ടുന്നത് അവനും ദൈവവും കാണും. അവൻ എന്നും നമുക്കൊപ്പം ഉണ്ടാവണം,നാം എന്നും അവനൊപ്പവും.
കുവൈത്തിലെ പ്രിയ സ്നേഹിതരെ,
എത്ര നിസ്സാരമായൊരു സഹായമാണെങ്കിലും ഇൻബോക്സിൽ അറിയിച്ചാൽ ഞാൻ വരാം. അവന് വേണ്ടി ചെലവഴിക്കാൻ എനിക്കേറെ സമയമുണ്ട്. എന്തെന്നാൽ അഗ്നിപുരണ്ട ചിന്തകൾ അവന്റെ തലച്ചോറിൽ കുരുങ്ങിക്കിടപ്പുണ്ട് ഇപ്പോളും. നമുക്കത് വിരിയിച്ചെടുക്കേണ്ടതുണ്ട്.
Post Your Comments