
കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി മുൻ എ എച് പി ദേശീയ അധ്യക്ഷൻ പ്രതീഷ് വിശ്വനാഥ്. തനിക്ക് എ എച് പിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് പ്രതീഷ് തന്റെ ഫേസ്ബുക്കിൽ കൂടി പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, എല്ലാത്തരം നിയമവിരുദ്ധമായ കയ്യേറ്റങ്ങളെയും എതിർത്ത് കൊണ്ട് തന്നെ പറയട്ടെ …. എനിക്ക് എഎച്ച്പി എന്ന പ്രസ്ഥാനവുമായിട്ടു ഒരു ബന്ധവുമില്ല … ഒരുപാടു ആളുകൾ മെസ്സേജ് അയച്ചു ചോദിക്കുന്നത് കൊണ്ടാണ് വീണ്ടും ഇതു പറയേണ്ടി വന്നത് ..
അതേസമയം കാലടി മണപ്പുറത്തു മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് /രാഷ്ട്രീയബജ്രംഗ്ദൾ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ ആണ് അറസ്റ്റിലായത്. വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. കാരി രതീഷ് എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു. ഇതിനു ശേഷമാണു അന്താരാഷ്ട്ര ഹിന്ദു പരിഷത്തിൽ ചേരുന്നത്. കാലടി ശിവരാത്രി ആഘോഷ സമിതി യുടെയും സിനിമ സംഘടനകളുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആണ് സെറ്റ് തകർത്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഇന്നലെ വൈകിട്ടാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രവർത്തകർ കാലടി മണപ്പുറത്തെ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് തകർത്തത്. കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറച്ചു പള്ളി നിർമിച്ചു എന്ന് ആരോപിച്ചായിരുന്നു സെറ്റിന് നേരെയുള്ള അക്രമം. ആലുവ റൂറൽ എഎസ്പി എം ജെ സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോനും അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സൈബർ സെല്ലിന്റെ സഹായവും ഉപയോഗിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.
Post Your Comments