
.
മഴക്കാലത്ത് ഏറെ ശ്രദ്ധിയ്ക്കേണ്ട ഒന്നാണ് എലിപ്പനി. കെട്ടി നില്ക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങളില്‍ , ലെപ്ടോസ്പൈറ അനേക നാള് ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളില്‍ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികള്‍ വരാറുള്ള ജലാശയങ്ങള്‍ ,ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍, പാടങ്ങള്‍ എന്നിവയില്‍ വേണ്ടത്ര മുന്‍ കരുതലുകള്‍ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നത് .
കൈകാലുകളില്‍ ഉണ്ടാകുന്ന പോറലുകള്‍, മുറിവുകള്‍ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. തുടക്കം സാധാരണ വൈറല്‍ പനിപോലെയാണെങ്കിലും അതിശക്തമായ പേശിവേദന, കണ്ണിന് ചുവപ്പ്, ശക്തമായ തലവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ എലിപ്പനിയുടെ സവിശേഷ ലക്ഷണങ്ങളാണ്. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തുമ്മല്‍ തുടങ്ങിയവ ഉണ്ടായിരിക്കുകയില്ല. ഉദരസംബന്ധമായ പ്രശ്നങ്ങളായ വയറുവേദന, ചര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. എലിപ്പനി ബാധിച്ച മിക്കവാറുമാളുകളില്‍ ഏഴുമുതല്‍ പത്തു ദിവസത്തിനകം രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായി രോഗി സുഖം പ്രാപിക്കും. വീട് വൃത്തിയാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് എലിപ്പനി.
ശരീരത്തിലെ ആന്തരാവയവങ്ങളായ കരള്‍, ശ്വാസകോശം, വൃക്കകള്‍, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. വീല്‍സ് സിന്‍ഡ്രോം എന്നു വിളിക്കുന്ന ഈ അവസ്ഥയില്‍ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടര്‍ന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ശ്വാസകോശ രക്തസ്രാവം, വൃക്കസ്തംഭനം, ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന മയോകാര്‍ഡൈറ്റിസ് തുടങ്ങിയ സങ്കീര്‍ണതകളാണ് പ്രധാനമായും മരണകാരണമാകുന്നത്. ഗുരുതരമായ എലിപ്പനി ബാധയെത്തുടര്‍ന്ന് മരണനിരക്ക് 50 ശതമാനംവരെ ഉയരാം.
Post Your Comments