
കൊച്ചി: സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായതോടെ ഗത്യന്തരമില്ലാതെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന് ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. മോഹൻലാൽ അടങ്ങുന്ന സംഘത്തിന്റെ കൈയിലാണ് ഇനി ശ്രീനാഥിന്റെ ഭാവിയെന്ന് പറയേണ്ടി വരും.
ഡേറ്റ് നൽകാമെന്നു പറഞ്ഞു നിർമാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങി വട്ടംചുറ്റിച്ചുവെന്നും, ഒരേസമയം പല സിനിമകൾക്ക് ഡേറ്റ് കൊടുത്ത് നിർമാതാക്കളെ പ്രതിസന്ധിയിലാക്കുകയാണെന്നുമാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്ന പരാതി. നിരവധി പേർ പരാതി അറിയിച്ചതോടെയാണ് നടപടി സ്വീകരിക്കാൻ സംഘടനകൾ തീരുമാനിച്ചത്. താരവുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതോടെയാണ് നല്ല കുട്ടിയാകാൻ ശ്രീനാഥ് ഭാസി തീരുമാനിച്ചത്. നിർമാതാവുമായി ഒപ്പുവയ്ക്കുന്ന കരാറിൽ അമ്മയുടെ റജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അമ്മയിൽ അംഗത്വമെടുക്കാൻ ഭാസി തയ്യാറായത്.
അതേസമയം, ശ്രീനാഥ് ഭാസിക്കെതിരെ മുൻപും പരാതികൾ ഉയർന്നിരുന്നു. അന്നൊക്കെ ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു താരം ചെയ്തിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. തന്നെ വിലക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, താൻ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കുമെന്നുമായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്. താൻ ഇനിയും സിനിമകളിൽ അഭിനയിക്കുമെന്നും, ഇല്ലെങ്കില്‍ വല്ല വാര്ക്കപ്പണിക്കും പോകുമെന്നുമായിരുന്നു ശ്രീനാഥ് ഭാസി വെല്ലുവിളിച്ചിരുന്നത്. എന്നാൽ, വാർക്കപ്പണിക്ക് പോകുമെന്ന് പറഞ്ഞ് വീമ്പിളക്കിയ ആൾ തന്നെ തനിക്കെതിരെ നടപടിയെടുത്തപ്പോൾ നല്ല കുട്ടിയായല്ലോ എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments