
കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച് പെൺകുട്ടികളെ പരിശോധിച്ച സംഭവത്തിൽ അന്വേഷണം ഈർജ്ജിതമാക്കി പോലീസ്. സംഭവത്തില്‍ കൂടുതല്‍ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തി. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെയാണ് പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികളെത്തിയത്. വളരെ അപമാനകരമായ അനുഭവമായിരുന്നു തങ്ങള്‍ക്കുണ്ടായതെന്ന് ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.
അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞും കോളേജില്‍ നിന്ന് അടിവസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയില്‍വെച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തുവെന്നാണ് കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജ് ഓഫ് സയന്‍സ് ടെക്നോളജി കോളജില്‍ പരീക്ഷക്കെത്തിയ പരാതിയുമായി എത്തിയിരുന്നത്.
പ്രവേശനകവാടത്തിനടുത്തുവച്ചാണ് പരിശോധന നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. അടിവസ്ത്രത്തില്‍ മെറ്റല്‍ ഹുക്ക് അനുവദിക്കില്ലെന്ന് പറഞ്ഞ് സ്ത്രീകളാണ് പരിശോധന നടത്തിയത്. ഇവര്‍ അധ്യാപകരാണോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും പെൺകുട്ടികൾ പറയുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് അംഗം ബീനാകുമാരിയാണ് ഉത്തരവിട്ടത്. കൊല്ലം റൂറല്‍ എസ്.പിക്കാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം നടക്കുകയാണ്.
Post Your Comments