സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പിടികിട്ടാപ്പുള്ളി’ ഒടിടിയിൽ റിലീസ് ആയി. നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ജിയോ സിനിമയിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം നിരാശപ്പെടുത്തിയെന്നും ഇഷ്ടപ്പെട്ടെന്നുമുള്ള അഭിപ്രായങ്ങൾ തനിക്ക് ലഭിച്ചെന്ന് ജിഷ്ണു പറയുന്നു. ചിത്രം നിരാശപ്പെടുത്തിയെന്ന് അഭിപ്രായമുള്ളവരോട് ക്ഷമ ചോദിക്കുന്നുവെന്നും ആസ്വദിക്കാനായെന്ന് പറഞ്ഞവരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് ജിഷ്‍ണു ശ്രീകണ്ഠന്‍റെ പ്രതികരണം.
‘പിടികിട്ടാപ്പുള്ളി’ സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്റെ വാക്കുകൾ:
‘ഹെഡ്ഫോണ്‍സ് ഒക്കെ വച്ച് പിടികിട്ടാപ്പുള്ളി കാണുമ്പോള്‍ ഒരു വശത്ത് ഓഡിയോ കേള്‍ക്കുന്നില്ലെന്ന് പലരും പറയുന്നുണ്ട്. പക്ഷേ ഒഫിഷ്യല്‍ റിലീസിനു മുന്‍പ് ടെലിഗ്രാമിലൂടെയും ടൊറന്‍റിലൂടെയും ലീക്ക് ആയ പ്രിന്‍റിനാണ് അത്തരത്തില്‍ ഒരു കുഴപ്പം കാണുന്നത്. ജിയോ സിനിമയില്‍ ഇപ്പോള്‍ ഉള്ള പിടികിട്ടാപ്പുള്ളിയുടെ പ്രിന്‍റിന് അങ്ങനെ ഒരു പ്രശ്‍നം ഇല്ല. സ്റ്റീരിയോ സൗണ്ടില്‍ തന്നെ അവിടെ ചിത്രം ആസ്വദിക്കാനാവും.
Also Read:‘ഒരു കാര്യം മനസിലായി, കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്’: അഡ്വ. എ ജയശങ്കര്‍
രണ്ടാമത് പറയാനുള്ളത് പിടികിട്ടാപ്പുള്ളിയുടെ സ്വീകാര്യതയെക്കുറിച്ചാണ്. ഒരുപാട് റിവ്യൂസ് ഞാന്‍ കണ്ടിരുന്നു. ഒരുപാടുപേര്‍ക്ക് പടം ഇഷ്‍ടപ്പെട്ടിട്ടില്ലെന്ന് എനിക്കു മനസിലായി. നിങ്ങളുടെ ആ ഒരു ഫീല്‍ കൃത്യമായിട്ട് എനിക്ക് മനസിലാവും. പിടികിട്ടാപ്പുള്ളി നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ സമയം ചെലവഴിച്ചു എന്നെനിക്ക് അറിയാം. രണ്ടര മണിക്കൂര്‍ ജീവിതത്തില്‍ നിന്ന് മാറ്റിവച്ചതിന് നിങ്ങളോട് ഞാന്‍ നന്ദി പറയുന്നു. തെറ്റുകുറ്റങ്ങളൊക്കെ മാറ്റി ഒരു മികച്ച സിനിമയുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുമെന്ന് ഞാന്‍ വാക്കു തരുന്നു.
അതേസമയം സിനിമ വളരെ ഇഷ്‍ടപ്പെട്ടെന്ന് എന്നെ അറിയിച്ചവരുമുണ്ട്. സിനിമ എടുക്കാന്‍ അവസരം കിട്ടിയപ്പോള്‍, വലിയ ഭാരിച്ച ഉള്ളടക്കമൊന്നും സ്വീകരിക്കാതെ എല്ലാവര്‍ക്കും കുടുംബസമേതം കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന ഒരു ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍ കോമഡി പടം എടുക്കണം എന്നതായിരുന്നു എന്‍റെ ആഗ്രഹം. സ്ക്രീനില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമ കണ്ട് ആസ്വദിക്കുകയും അത് എന്നെ അറിയിക്കുകയും ചെയ്‍ത നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്‍റെയീ പ്രയത്നം അമ്പേ പരാജയപ്പെട്ടുപോയില്ല, ഞാന്‍ മൊത്തത്തില്‍ അങ്ങ് തോറ്റുപോയിട്ടില്ല എന്ന് എന്നെ വിളിച്ച് അറിയിച്ചതിന്, ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാനാവുമെന്ന് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചതിന്, ചുരുക്കിപ്പറഞ്ഞാല്‍ എന്നെക്കൊണ്ട് ഈ പണിക്ക് കൊള്ളാം എന്ന് എന്നെ ഓര്‍മ്മിപ്പിച്ചതിന് നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്’- സംവിധായകൻ പറയുന്നു.
Post Your Comments