കണ്ണൂര്‍ : ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് ജില്ല സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കും. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബി.പി.ശശീന്ദ്രന് മുഖേനയാണ് ഹര്‍ജി നല്‍കുക.
കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ അതിക്രമിച്ച് കയറി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് വ്ളോഗര്‍ സഹോദരന്മാരായ എബിന്, ലിബിന് എന്നിവര്‍ക്കെതിരെ കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെറ്റായ കീഴ് വഴക്കമാകുമെന്ന് പ്രോസിക്യൂഷന് വാദിച്ചെങ്കിലും പരിഗണിക്കാതെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് ഓഫീസില്‍ കയറി ഇരുവരും അതിക്രമം കാട്ടിയത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച ഇവരെ നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവര്‍ മുന്‍പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോകളുടെ ഉള്ളടക്കത്തെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും ക്യാമറയും ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
Post Your Comments