കണ്ണൂര്‍: അര്ജുന് ആയങ്കി മുഖ്യപ്രതിയായ രാമനാട്ടുകര സ്വര്‍ണക്കടത്തു കേസിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്നിനു പുറകെ ഒന്നായി സംഭവിച്ച യുവാക്കളുടെ ദുരൂഹ മരണം വളരെയധികം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ മരിച്ച റമീസിന്റെ മരണത്തിനു പിന്നാലെ ഇപ്പോള്‍ അശ്വിനും മരിച്ചു. റമീസിന്റെ അപകടമരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന പി.വി. അശ്വിനാണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല.
Read Also :5 വർഷത്തിനിടെ പിടികൂടിയത് 1820 കിലോ സ്വർണം: കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നതായി കേന്ദ്രമന്ത്രി
അര്ജുന് ആയങ്കിയുടെ സുഹൃത്ത് അഴീക്കല്‍ കപ്പക്കടവ് സ്വദേശി റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ കാര്‍ ഓടിച്ചിരുന്ന അശ്വിനാണ് തിങ്കളാഴ്ച മരിച്ചത്. കണ്ണൂര്‍ തളാപ്പ് സ്വദേശിയായ അശ്വിന് കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെക്കാലമായി വിദേശത്തായിരുന്ന യുവാവ് ഈയിടെ കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് അശ്വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു മാസം മുന്‍പ് അഴീക്കല്‍ വെച്ചാണ് അശ്വിന് ഓടിച്ച കാറില്‍ റമീസിന്റെ ബൈക്ക് ഇടിച്ചത്. ഈ അപകടത്തിലാണ് റമീസ് മരണപ്പെട്ടത്. ഈ സംഭവത്തില്‍ ദുരൂഹതയില്ലെന്നും വെറും അപകട മരണമാണെന്നും വളപട്ടണം പൊലിസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും റമീസ് ചോദ്യം ചെയ്യാന്‍ വിളിച്ച പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടതില്‍ ദുരുഹതയുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ വാദിച്ചത്. ഇതിനെ നിഷേധിച്ച് അശ്വിനും കുടുംബവും മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിനു ശേഷം മാസങ്ങള്‍ പിന്നിടുമ്പോഴാണ് അശ്വിന്റെ മരണവും സംഭവിക്കുന്നത്.
സ്വര്‍ണ്ണക്കടത്തു കേസില്‍ കണ്ണികളാകുന്നവര്‍ അസ്വാഭാവികമായി മരണപ്പെടുന്നതില്‍ വലിയ ദുരൂഹത നിഴലിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘത്തെ വധിക്കാനുള്ള സ്വര്‍ണ്ണമാഫിയ പദ്ധതിയിട്ടെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ കൊടുവള്ളി സ്വദേശി റിയാസ് കുഞ്ഞൂതിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ തീരുമാനിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചെലവാക്കാന്‍ തയ്യാറാണെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നുള്ള ശബ്ദ സന്ദേശമാണ് ലഭിച്ചത്. ഇത് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ വേണ്ടിയായിരുന്നു. ഇതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തുമെന്നുള്ള ഫോണ്‍ സന്ദേശവും ലഭിച്ചിരുന്നു. വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കരിപ്പൂര്‍ പൊലീസ് കേസെടുത്തു.
Post Your Comments