തൃശൂര്‍: വലപ്പാട് എടമുട്ടം സ്വദേശിനിയും എല്‍എല്‍ബി വിദ്യാര്‍ഥിനിയുമായിരുന്ന ശ്രുതി കാര്‍ത്തികേയന്‍ (22) തമിഴ്‌നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. ബെംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ഥി ആയിരിക്കെ 2021 ഓഗസ്റ്റ് 17നാണ് ശ്രുതിയുടെ മരണം. വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി.
വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. സുഹൃത്തുക്കളായ ചിലര്‍ക്ക് സത്യം അറിയാമെന്നാണ് ശ്രുതിയുടെ അമ്മ പറയുന്നത്.
കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജന്‍സികള്‍ ശ്രുതിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും. ലഹരി മാഫിയയ്ക്കു ശ്രുതിയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. സുഹൃത്തുക്കളിലൊരാള്‍ ഇക്കാര്യം അറിയിച്ചതായും കുടുംബാംഗങ്ങള്‍ പറയുന്നു.
ശ്രുതിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠിക്കെതിരെ നടപടി ആവശ്യപ്പെട്ടു മാതാപിതാക്കള്‍ ഈറോഡ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ശ്രുതിയും സഹപാഠിയായ ആലപ്പുഴ അരൂര്‍ സ്വദേശിയും ട്രെയിനില്‍ ഈറോഡിലെത്തിയ 2021 ഓഗസ്റ്റ് 17നാണു ശ്രുതിയെ വിഷം കഴിച്ച നിലയില്‍ സഹപാഠി ആശുപത്രി എത്തിച്ചത്.18നു ബന്ധുക്കളെത്തി ശ്രുതിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സഹപാഠി ഒരാഴ്ചയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങി.
എന്നാല്‍, ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്നും വിഷം കഴിച്ചെന്നു പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞതു തട്ടിപ്പാണെന്നും ശ്രുതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ശ്രുതിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും യുവാവിന്റെ പക്കലുണ്ടെന്നും അതു കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പരാതിയിലുണ്ട്.
ശ്രുതിയുടെ മരണത്തില്‍ ഈറോഡ് പൊലീസ് കേസെടുത്തെങ്കിലും ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്ന പേരില്‍ സുഹൃത്തിനെ പ്രതി ചേര്‍ക്കുകയോ തുടര്‍ അന്വേഷണം നടത്തുകയോ ഉണ്ടായില്ല. ദുരൂഹ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സുഹൃത്ത് ഉള്‍പ്പെടെയുള്ള സംഘം 2022ല്‍ ലഹരി മരുന്ന് വേട്ടയില്‍ പിടിക്കപ്പെട്ടിരുുന്നു. ഇവര്‍ ലഹരി മരുന്ന്, പെണ്‍വാണിഭ മാഫിയകളില്‍ കണ്ണികളാണെന്ന കാര്യം നേരത്തേ നല്‍കിയിരുന്ന പരാതികളില്‍ ശ്രുതിയുടെ അമ്മ ഉന്നയിച്ചിരുന്നു.
Post Your Comments