ന്യൂഡൽഹി: താലിബാന്റെ ഇടത്താവളമായി മൂന്ന് ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള അമ്പരപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ലോകത്ത് ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഹെറോയിൻ ഉത്പാദിപ്പിക്കുന്നത് താലിബാനാണെന്നാണ് റിപ്പോർട്ട്. ഇത് പാശ്ചാത്യ രാഷ്‌ട്രങ്ങളിലേക്ക് കയറ്റി അയച്ച് നേടുന്ന സമ്പത്ത് താലിബാന്റെ പ്രധാന വരുമാന മാർഗ്ഗമാണ്. പാശ്ചാത്യ രാഷ്‌ട്രങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനാണ് ഇടത്താവളമായി ഇന്ത്യൻ നഗരങ്ങൾ ഉപയോഗിക്കുന്നത്.
ഹൈദരാബാദ്, ഡൽഹി, ബംഗളൂരു എന്നീ നഗരങ്ങൾ വഴിയാണ് കടത്ത്. ഹൈദരാബാദിൽ നിന്ന് മാത്രം ഈയിടെ കോടിക്കണക്കിന് രൂപയുടെ ഹെറോയിൻ പിടികൂടിയിരുന്നു. ആദ്യം അഫ്ഗാനിൽ നിന്ന് മൊസാംബിക്കിലേക്കാണ് മയക്ക് മരുന്ന് കയറ്റി അയയ്‌ക്കുന്നത്. അതിനു ശേഷം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്കും ഖത്തറിലെ ദോഹയിലേക്കും എത്തിക്കുന്നു. ദക്ഷിണാഫ്രിക്കൻ പൗരന്മാരെ ഒഴിവാക്കി മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാരെയാണ് വാഹകരായി ഉപയോഗിക്കുന്നത്.
ആഫ്രിക്കൻ മയക്കുമരുന്ന് മാഫിയയാണ് കടത്തിന്റെ പ്രധാന ഇടനിലക്കാർ. ഈയടുത്ത് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് സംഭവങ്ങളിലായി പിടികൂടിയത് 128 കോടിയുടെ ഹെറോയിനാണ്. ജോഹനാസ് ബർഗിൽ നിന്ന് ദോഹ വഴി എത്തിയ വിമാനത്തിൽ നിന്നാണ് ഹെറോയിൻ പിടിച്ചത്. രാജ്യത്തെ യുവജനതയേയും സാമ്പത്തിക ക്രമത്തേയും തകർക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ അതീവ ജാഗ്രതയിലാണ് ലോക രാജ്യങ്ങൾ.
Post Your Comments