ഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതോടെ ഡൽഹി പോലീസ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. ഡൽഹിയിൽ ഓഗസ്റ്റ് അഞ്ചിന് വലിയ തോതിൽ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുളള തീവ്രവാദികളാണ് ഇതിന് പിന്നിലെന്നുമാണ് സുരക്ഷ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്.
കേന്ദ്രസർക്കാർ 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്‌മീരിൽ നിലവിലുണ്ടായിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അതിനാലാണ് തീവ്രവാദികൾ ആക്രമണത്തിനായി ഈ ദിവസം തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സുരക്ഷയ്ക്കായി പോലീസ് സേന കൈക്കൊള്ളേണ്ട മുൻകരുതലുകളെപ്പറ്റി ഡൽഹി പൊലീസ് കമ്മിഷണർ ബാലാജി ശ്രീവാസ്‌തവ ഈ മാസം ആരംഭത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, സുരക്ഷാ കാരണങ്ങളാൽ ഓഗസ്റ്റ് 15 വരെ ഡൽഹിയിൽ ഡ്രോണുകളും ഹോട്ട് എയർ ബലൂണുകളും പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള തീവ്രവാദി ആക്രമണം കാശ്‌മീരിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
Post Your Comments