ഇടുക്കി : കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവർക്കും എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി കര്‍ശന ജാഗ്രതയോടെയാണ് ഇടമലക്കുടിക്കാര്‍ കോവിഡിനെ പ്രതിരോധിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ഡീന്‍ കുര്യാക്കോസ് എംപിയും യുട്യൂബര്‍ സുജിത്ത് ഭക്തനും ഇടമലക്കുടി സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. ഇരുവരുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇടമലക്കുടിയില്‍ കോവിഡ് വന്നതെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസും സുജിത്ത് ഭക്തനും രംഗത്തെത്തിയിരിക്കുകയാണ്.
Read Also : സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്
‘ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കോവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ല. ഞാന്‍ അവിടെ പോയിട്ട് പത്തുദിവസം കഴിഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമാകും. തുടര്‍ന്ന് മറുപടി പറയാം. ഞങ്ങളുടെ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാണ് ഞങ്ങള്‍ ഇടമലക്കുടിയില്‍ പോയത്’-ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
‘മാസ്ക് മറ്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ മാത്രമല്ല, അവിടേക്ക് ധാരാളം പേര് വരുന്നുണ്ട്. അവിടെയുള്ളവര്‍ പുറത്തുവന്ന് പോകുന്നുണ്ട്. ടെസ്റ്റ് നടത്തിയാണ് പോയത്. ഇപ്പോഴും ആര്‍ക്കും കുഴപ്പമില്ല. അവിടെയുള്ളവരാണ് മാസ്ക് ധരിക്കാത്തത്. സ്ഥലം എംപിയാണ് എന്നെ വിളിച്ചത്, അങ്ങനെയാണ് പോയത്’- സുജിത്ത് ഭക്തൻ പറഞ്ഞു.
Post Your Comments