തിരുവനന്തപുരം: രാജ്യദ്രോഹക്കേസിൽ കവരത്തി പോലീസ് ചോദ്യം ചെയ്ത സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പൂർണപിന്തുണയുമായി എളമരം കരീം എം.പിയും എ.എം. ആരിഫും. ഐഷ സുൽത്താനയുടെ കൊച്ചിയിലെ ഫ്ളാറ്റിൽ കവരത്തി പോലീസ് നടത്തിയ പരിശോധനയിൽ ആശങ്കയുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. ഐഷയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ കൃത്രിമം നടത്തുമോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീമ കൊറേഗാവ് കേസിലേത് പോലെ സംഭവങ്ങൾ ഐഷ കേസിലും സംഭവിക്കുമോയെന്നാണ് ഇവർ ആരോപിക്കുന്നത്. ഐഷയ്ക്കെതിരെ കൃത്രിമ തെളിവ് ഉണ്ടാക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടോയെന്ന സംശയമാണ് എളമരം കരീം ഉന്നയിക്കുന്നത്. ഇന്നലെ പൊലീസ് നടത്തിയ പരിശോധന ബോധപൂര്‍വ്വമായ നടപടിയാണെന്ന സംശയമുണ്ടെന്നും വിഷയത്തില്‍ കോടതിയും സര്‍ക്കാരും ഇടപെടണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
ഐഷയുടെ വീട്ടില്‍ നടന്ന പരിശോധന ദുരുദ്ദേശത്തോടെയാണെന്ന് ആരിഫും ആരോപിച്ചു. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കി ഐഷയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരിഫ് എം.പി. പറഞ്ഞു. പരിശോധനയുടെ പേരിൽ പോലീസ് ഐഷയുടെ വീട് അലങ്കോലമാക്കിയെന്നും അനിയന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തതെന്നും ആരിഫ് വ്യക്തമാക്കി.
‘എന്‍.ഐ.എ, യു.എ.പി.എ. നിയമനടപടികളുടെ ഒക്കെ ഫലമായി ലാപ്ടോപിന്റെ അകത്തേക്ക് രാജ്യദ്രോഹക്കുറ്റത്തിന്റെ തെളിവുകള്‍ സ്ഥാപിക്കുന്നുവെന്ന് അമേരിക്കന്‍ ഐ.ടി ഫോറന്‍സിക് വിദഗ്ധര്‍ കഴിഞ്ഞ രണ്ട് തവണയായി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ്. അത്തരത്തിലുള്ള തെളിവുകള്‍ സ്ഥാപിച്ച് ഇവരെ എന്നെന്നേക്കുമായി കല്‍തുറുങ്കിലടക്കാനുള്ള നടപടികളാണ് ലക്ഷദ്വീപ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പൗരബോധമുള്ള എല്ലാവരും രംഗത്തുവരണം,’ ആരിഫ് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
Post Your Comments