തിരുവനന്തപുരം : അടച്ചിട്ട മുറികളിൽ കോവിഡ് വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. ഓഫീസിൽ ചെന്നാൽ ആദ്യം ജനൽ, വാതിലുകൾ തുറന്നിടുക. എസി തൊട്ടുപോകരുത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
അടച്ചിട്ട മുറി❓
———————
ക്ലോസ്ഡ് റൂം കിൽസ്!
“അടച്ചിട്ട മുറി കൊല്ലും”.
അതെ, അങ്ങനെ തന്നെയാണ് പറഞ്ഞത്. കോവിഡ് 19 നെ സംബന്ധിച്ചെടുത്തോളം മാസ്‌കും ,സാമൂഹിക അകലവും കൈകൾ കഴുകുന്നതുമൊക്കെ “ഗർഭസ്ഥശിശുവിനും” അറിയാമെന്ന് തോന്നുന്നു. അതിശയോക്തിയല്ല.
Read Also : കോടികൾ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ പുനലൂർ തൂക്കുപാലം വീണ്ടും നാശത്തിലേക്ക്
ഇതിനെക്കുറിച്ചുള്ള സർവ്വ വിവരവും മിക്കവാറും എല്ലാവർക്കമറിയാം. എല്ലാം കൃത്യമായി പാലിക്കപ്പെടുന്നൊയെന്നുള്ള കാര്യം മറ്റൊന്ന്.പക്ഷേ അധികം പ്രാധാന്യം കൊടുക്കാത്ത മറ്റൊരുകാര്യം അടച്ചിട്ട മുറികളെ കുറിച്ച് തന്നെയാണ്.അതെ ,അടച്ചിട്ട മുറി കൊല്ലും.
വീടുകളിലും ഓഫീസിലും കടയിലും എന്തിന് ആശുപത്രികളിൽ പോലും അടച്ചിട്ട മുറി കൊല്ലും. അടച്ചിട്ട മുറികളിൽ കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് ലോകാരോഗ്യസംഘടന ആദ്യ കാലം മുതൽ തന്നെ പറയുന്നുണ്ട്.
ചെറിയ ദ്രവ കണികളിലൂടെ പകരുന്ന രോഗമാണ് കോവിഡ്-19 എന്നുള്ളതിനു സംശയമില്ല.
എന്നാൽ വായുവിലൂടെ ഒരു ചെറിയ പങ്ക് പകരുന്നുണ്ട് എന്നുള്ളത് വളരെ വ്യക്തം.
പുതിയ വേരിയന്റുകളുടെ കാര്യത്തിൽ പകർച്ച വ്യാപന തോത് കൂടിയിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ അടച്ചിട്ട മുറിയുടെ പ്രാധാന്യം കൂടുതൽ തന്നെയാണ്. അവ ഒഴിവാക്കിയേ കഴിയുള്ളൂ. സ്കൂളുകളിലും ഓഫീസിലും കടകളിലുമൊക്കെ വരാന്തകൾ കഴിവതും ഉപയോഗിക്കുക . ടെറസ്സും കാർ ഷെഡ്ഡും വരെ ഉപയോഗിക്കാം അത് കഴിഞ്ഞില്ലെങ്കിലോ ? ഓഫീസിൽ ചെന്നാൽ ആദ്യം ജനൽ വാതിലുകൾ തുറന്നിടുക. വായു അകത്തേക്ക് വന്നാൽ പോരാ പുറത്തേക്കു പോകണം. അതുകൊണ്ടുതന്നെ ക്രോസ് വെന്റിലേഷൻ വളരെ പ്രാധാന്യമർഹിക്കുന്നു. അപ്പൊ പിന്നെ ജനലും തുറക്കണം ഇനി നമ്മുടെയൊക്കെ ഓഫീസുകളും കടകളുമൊക്കെ ജനൽ വാതിലുകൾ തുറന്നാലും വായുസഞ്ചാരമുള്ളതെന്ന് പറയാൻ കഴിയില്ല. അപ്പൊ ഈ വായുസഞ്ചാരം കൂട്ടാൻ എന്തു ചെയ്യും.
വാക്സിൻ മാഫിയ ,മരുന്ന് മാഫിയ, അവയവദാന മാഫിയ തുടങ്ങി ഹെൽമറ്റ് മാഫിയ എന്ന വിളിപ്പേർ വരെ കേട്ടിട്ടുണ്ട്. ഇനി “ഫാൻ മാഫിയ” എന്നൂടി വിളിക്കില്ലെന്നുറപ്പു തന്നാൽ ഒരു രഹസ്യം പറയാം. പെഡസ്റ്റൽ ഫാൻ അല്ലെങ്കിൽ ഫ്ലോറിൽ വയ്ക്കുന്ന ഒരു ഫാൻ വാങ്ങി മുറിയിൽ വയ്ക്കണം. ഫാനിൻറെ കാറ്റ് ജനലിലൂടെ ,വാതിലിലൂടെ വായുവിനെ പുറത്തേക്ക് തള്ളണം. എ സി തൊട്ടുപോകരുത്. എ സി യെ പ്ലഗ് പോയിൻറിൽ നിന്ന് തന്നെ മാറ്റി ഇട്ടോളൂ.
എയർകണ്ടീഷൻ മാഫിയയെന്ന് വിളിക്കാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവെന്നു പറയുമോന്നറിയില്ല! എയർകണ്ടീഷൻ കോവിഡ് 19 കൂട്ടുക തന്നെ ചെയ്യും. അത് തൊട്ടുപോകരുത് ഇനി എ സി കൂടിയേ കഴിയൂ എന്ന് നിർബന്ധമാണെങ്കിൽ ഒറ്റയ്ക്ക് , അതെ ഒറ്റയ്ക്ക് എസി ഉപയോഗിച്ചതിന് ശേഷം ഒരു 15 മിനിറ്റെങ്കിലും ജനൽ വാതിൽ തുറന്നിട്ടതിനുശേഷം മറ്റുള്ളവരെ പ്രവേശിപ്പിക്കുക. അപ്പൊ ഓഫീസിലും കടയിലും ആശുപത്രിയിലും ചെന്നാൽ ആദ്യം ജനലും വാതിലും മലർക്കെ തുറന്നിടുക.
Read Also : സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി അപ്രതീക്ഷിതമായി ചോദ്യം ചെയ്യലിന് ഹാജരായി, കസ്റ്റംസ് മടക്കി അയച്ചു
അടച്ചിട്ട മുറി കൊല്ലും. ആരും കൊല്ലപ്പെടാതിരിക്കട്ടെ . എന്തായാലും കോവിഡുമായി ഒരുമിച്ച് ജീവിച്ചു പോവുകയെ നിവൃത്തിയുള്ളൂ. അവനെ നമുക്ക് സാധാരണ വൈറൽ പനി പോലെയാകണം.
അയിന്?
അയിന്
മാസ്ക്കും അകലവും
കൈകഴുകലും കൂടാതെ
ജനൽ വാതിലുകൾ മലർക്കെ തുറന്നിടൂ….
അടച്ചിട്ട മുറി കൊല്ലാതിരിക്കട്ടെ!
ഡോ സുൽഫി നൂഹു
Post Your Comments