ന്യൂഡൽഹി: പാകിസ്ഥാനിലെ ഇന്ത്യൻ എംബസി വളപ്പിൽ ഡ്രോൺ കണ്ടെത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഡ്രോൺ കണ്ടെത്തുന്നത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ ഏരിയയിലാണ് ഡ്രോൺ കണ്ടെത്തിയത്. വിഷയത്തിൽ ഇന്ത്യ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു.
ഇതാദ്യമായാണ് പാകിസ്ഥാനിലെ ഇന്ത്യൻ എംബസി വളപ്പിൽ ഡ്രോൺ കണ്ടെത്തുന്നത്. ജൂൺ 26 ശനിയാഴ്ച ആണ് സംഭവം. ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ആദ്യമായി ഡ്രോൺ ആക്രമണമുണ്ടായ സമയത്ത് തന്നെയാണ് എംബസി വളപ്പിനകത്തും ഡ്രോൺ സാന്നിധ്യമുണ്ടായത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കി.
ജമ്മു എയർഫോഴ്സ് സ്റ്റേഷന്റെ സാങ്കേതിക മേഖലയിൽ ഞായറാഴ്ച പുലർച്ചെയാണ് രണ്ട് തീവ്രത കുറഞ്ഞ സ്ഫോടനങ്ങൾ ഉണ്ടായതെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്, കലുചക്, കുഞ്ജാവനി മേഖലകളിലും ഡ്രോണ്‍ കണ്ടെത്തിയിരുന്നു. 4.40നാണ് കലുചകില്‍ ഡ്രോണ്‍ കണ്ടത്. 4.52ന് കുഞ്ജാവനിയിലും ഡ്രോണ്‍ കണ്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ എട്ട് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സൈനിക വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരക്കും തകരാര്‍ സംഭവിച്ചിരുന്നു. സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ വിലയിരുത്തുന്നത്. വന്‍ സുരക്ഷാ മേഖലകളില്‍ പോലും ഭീഷണി സൃഷ്ടിക്കുന്നവയാണ് ഇത്തരം നീക്കങ്ങള്‍. പാക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണുകളില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.
Post Your Comments