ന്യൂഡൽഹി: കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനൊരുങ്ങുന്നത്. രണ്ട് മുതൽ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളിൽ ജൂലൈ മാസത്തിൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പുനാവാല അറിയിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ അടുത്ത മാസം 10 കേന്ദ്രങ്ങളിൽ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കൻ കമ്പനിയായ നോവോവാക്സ് വികസിപ്പിച്ച വാക്സിനാണ് കോവോവാക്സ്. സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നത്. ഈ ആഴ്ച ആദ്യത്തെ ബാച്ച് കോവോവാക്സ് നിർമാണം ആരംഭിച്ചുവെന്നും പുണെയിലെ പ്ലാന്റിൽ കോവോവാക്സിന്റെ ആദ്യ ബാച്ച് നിർമിക്കുന്നത് കാണുന്നതിന്റെ ആവേശത്തിലാണെന്നും പുനവാല ട്വിറ്ററിൽ കുറിച്ചു. 18 വയസിന് താഴെയുള്ള നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കാൻ വാക്സിന് കഴിവുണ്ടെന്നും പരീക്ഷണങ്ങൾ തുടരുകയാണെന്നും അദ്ദേഹം വിശദമാക്കി.
കോവിഡിന്റെ ആഫ്രിക്കൻ, യുകെ വകഭേദങ്ങൾക്കെതിരേ പരീക്ഷിച്ച കോവോവാക്സിന് 89 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് കോവോവാക്സ്. ഈ വർഷം സെപ്തംബറോടെ കോവോവാക്സ് വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments