മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടല്‍ വിദഗ്ധൻ പ്രദീപ് ശർമയെ എൻഐഎ അറസ്റ്റ് ചെയ്തു. അന്ധേരിയിലെ വസതിയിൽ രാവിലെ ആരംഭിച്ച റെയ്ഡിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റെയ്ഡിന് മൂന്നു മണിക്കൂറിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യവസായി മൻസൂഖ് ഹിരണിന്റെ കൊലപാതകക്കേസിലും പ്രദീപ് ശർമയെ പ്രതിചേർത്തിട്ടുണ്ടെന്നാണ് വിവരം. കേസുകളുമായി ബന്ധപ്പെട്ട് രണ്ടുതവണ എൻഐഎ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ എൻഐഎ കസ്റ്റഡിയിൽ ഇരിക്കുന്ന സച്ചിൻ വാസെയുടെ അടുത്ത സുഹൃത്താണ് ഇയാൾ.
1983ൽ സബ് ഇൻസ്പെക്ടറായി മുംബൈ പൊലീസിൽ ചേർന്ന പ്രദീപ് ശർമ മുംബൈ അധോലോകത്തെ തകർത്തുകളഞ്ഞ 300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളിയായിട്ടുണ്ട്. ഇതിൽ 113 എണ്ണവും നയിച്ചത് ഇദ്ദേഹമായിരുന്നു. 2019ൽ സ്വയംവിരമിച്ച പ്രദീപ് ശർമ ശിവസേനയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
Post Your Comments