KeralaLatest NewsNews

വനംകൊള്ളക്കാരും മല തുരപ്പന്മാരും തിന്നു തീർക്കുന്ന പരിസ്ഥിതി

കയ്യേറ്റത്തില്‍ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും നമ്മൾ മറക്കരുത്

തിരുവനന്തപുരം : ഇന്ന് ജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനം. ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം ആണ് ഇത്തവണത്തെ സന്ദേശം. ​ഓരോ വ്യക്തിയുടെയും ജീവന്റെ നിലനിൽപ്പിനു സഹായകരമാകുന്ന ചുറ്റുപാടുകളെയാണ് ആവാസ വ്യവസ്ഥ എന്ന് പറയുന്നത്. നമ്മുടെ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് നമ്മുടെ കർത്തവ്യമാണ്. എന്നാൽ നമ്മൾ അത് പലപ്പോഴും മറന്നു പോകുന്നു.യാത്രകൾ ചെയ്യുമ്പോഴും മറ്റും കൊണ്ടുപോകാൻ സഹായകരമായ പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുകയും യാതൊരു ശ്രദ്ധയുമില്ലാതെ ഉപയോഗ ശേഷം വലിച്ചെറിയുകയും ചെയ്യുന്ന മനോഭാവത്തിന് ഇന്നും മാറ്റം വന്നിട്ടില്ല. കടൽത്തീരത്തും കായൽത്തീരത്തും പലപ്പോഴും ഇത്തരം മാലിന്യങ്ങൾ കെട്ടികിടക്കുന്നത് നമ്മൾ കാണാറുണ്ട്.

read also: ഓൺലൈൻ ക്ലാസ്സിന് ഇന്റര്‍നെറ്റ് കിട്ടുന്നില്ല : ഏഴാംക്ലാസ്സുകാരിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി പ്രധാനമന്ത്രി

ഒരുകാലത്ത് തിരുവിതാം കൂറിന്റെ പ്രധാന ജലപാതകളിൽ ഒന്നായിരുന്ന പാർവതീ പുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും ഇന്നത്തെ ദുർഗതി നമ്മൾ മറന്നു പോകരുത്. മാറിമാറി വരുന്ന ഭരണകർത്താക്കൾ പോലും അതിന്റെ നവീകരണ പ്രവർത്തനങ്ങൾ മറന്നു പോകുന്നു. വികസനം അത്യാവശ്യമാണ്. അതിനെ എതിർക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ നടക്കുന്ന പ്രകൃതി ചൂഷണത്തെ കണ്ടില്ലെന്നു നടക്കുന്നത് തെറ്റാണു. കയ്യേറ്റത്തില്‍ ഒഴുക്ക് തെറ്റുന്ന പുഴയും കാണാതാകുന്ന കാടും നമ്മൾ മറക്കരുത്.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കേരളത്തെ മഹാദുരന്തത്തിലേക്കു തള്ളിവിട്ടത് ആശങ്കയോടെയാണ് തലസ്ഥാന നഗരിയിലെ മൂക്കുന്നിമലയിലെ ജനങ്ങൾ കാണുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി നടക്കുന്ന പാറപൊട്ടിക്കൽ കാരണം മൂക്കുന്നിമലയിലെ ജൈവവൈവിധ്യം നശിക്കുകയാണ്. കാടു നശിച്ച് എങ്ങും അഗാധഗർത്തങ്ങൾ മാത്രം.

read also: കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു

ഹിമാലയത്തിൽ നിന്നും മൃതസജ്ജീവനിയടങ്ങിയ പർവ്വതവുമായി ലങ്കയിലേക്കു പറക്കുന്നതിനിടയിൽ ഹനുമാന്റെ മൂക്കു തട്ടി കൈയ്യിലിരുന്ന മലയുടെ ഒരു ഭാഗം അടർന്നു താഴെ വീണു. ഇതാണ് മൂക്കുന്നിമലയായി തീർന്നത് എന്നാണ് പേരിനെ സംബന്ധിച്ച ഐതിഹ്യം. നിരവധി ഔഷധസസ്യങ്ങളുടെ കലവറയായിരുന്ന മൂക്കുന്നിമലയിൽ നിന്നും കുടിക്കാൻ വെള്ളവും ഭക്ഷിക്കാൻ കായ്‌കനികളും നഷ്ടപ്പെട്ട് നാട്ടിലേക്കു കൂട്ടമായെത്തുന്ന കുരങ്ങുകൾ ഇന്ന് നിത്യ കാഴ്ചയാണ്. ചെക്കേറാൻ ചില്ലകൾ നഷ്ടപ്പെട്ടതോടെ പക്ഷികൾ പോലും ഇല്ലാതായി. മൂക്കുന്നിമലയിൽനിന്ന്‌ എം. സാൻഡ് കഴുകുന്ന രാസവസ്തുക്കൾ തോടുവഴി കരമനയാറ്റിലേക്കാണ് ഒഴുകിയെത്തുന്നത്. കുടിവെള്ള ക്ഷാമവും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുകയാണ്. പാറപൊട്ടിച്ചതു കാരണം മൂക്കുന്നിമലയിലുണ്ടായ വലിയ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇവിടെ അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഇതും ആശങ്ക വർദ്ധിപ്പിക്കുന്നു. മൂക്കിന്നിമലയുടെ സംരക്ഷണത്തിനായി നാട്ടുകാർ നടത്തിയ ജനകീയ സമരം അധികൃതർ കണ്ടില്ലെന്നു നടിച്ചു. വിവിധ സർക്കാർ ഏജൻസികൾ മൂക്കുന്നിമല സംരക്ഷിക്കണമെന്ന പല അന്വേഷണ റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ടെങ്കിലും പലതും വെളിച്ചംകാണാതെ അട്ടിമറിക്കപ്പെടുകയും ചെയ്തു.

ഈ പരിസ്ഥിതി ദിനത്തിൽ പുതിയ മരങ്ങൾ വച്ചുപിടിപ്പിച്ചു ഫോട്ടോകൾ വൈറൽ ആക്കാൻ ശ്രമിക്കുന്നവർ ഇത്തരം അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. ഭരണ പ്രതിപക്ഷ പാർട്ടികളുടെ ബിനാമികൾ പലപ്പോഴും മലതുരക്കലിന് ഒത്താശ ചെയ്യുന്നുണ്ട്. കണ്ണുണ്ടായാൽ പോരാ കാണണം എന്ന് പഴമക്കാർ പറയുന്നത് മുമ്പിൽ നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്യണം എന്നുദ്യേശിച്ചാണ്. വരും തലമുറ അവിടെ ഒരു കാട് ഉണ്ടായിരുന്നു, മല ഉണ്ടായിരുന്നു എന്ന് അത്ഭുതത്തോടെ കേൾക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയിലേക്കാണ് നമ്മൾ എത്തുന്നത്.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചത്. ഈ ഒരു ദിവസം രാവിലെ ചെടി നടുന്നതും മരത്തിനെ കെട്ടിപ്പിടിച്ചു ചിത്രം എടുക്കുന്നതും മാത്രമായി ചുരുങ്ങുന്ന ഈ കാലത്ത് തന്റെ ശാരീരിക വൈകല്യത്തെ പോലും തോൽപ്പിച്ചുകൊണ്ടു കായൽ ഓരത്തെ പ്ലാസ്റ്റിക്കുകൾ പെറുക്കി വിറ്റു ജീവിക്കുന്ന രാജപ്പനെ നമ്മൾ ഓർക്കണം.

കരയിടിയലും കായൽ കയ്യേറ്റവും കടല്‍ ക്ഷോഭവും ഇന്ന് നിത്യ സംഭവമായ ഈ നാട്ടിൽ കാപട്യം നിറഞ്ഞ മനുഷ്യന്റെ ചിന്ത അവസാനിപ്പിച്ച്‌ ജീവന്റെ നിലപ്പിനു അടിസ്ഥാനമായ പ്രകുതിയെ കയ്യും മെയ്യും മറന്ന് സംരക്ഷിക്കാൻ നമുക്ക് ഒത്തുചേരാം.

പവിത്രപല്ലവി

shortlink

Related Articles

Post Your Comments


Back to top button