പത്തനംതിട്ട: കൊവിഡ് മഹാമാരിയോട് പോരാടുകയാണ് ഇന്ത്യൻ ജനത. കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിനു മരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ടെസ്റ്റ് ചെയ്യണമെങ്കിൽ സി പി എമ്മിൽ ചേരണമെന്ന ആവശ്യവുമായി ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത് പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ്. പത്തനംതിട്ട ജില്ലയിലാണ് സംഭവം.
കൊവിഡ് ടെസ്റ്റ് ചെയ്യണമെങ്കിൽ സി പി എമ്മിൽ ചേരണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതി നൽകി. പത്തനംതിട്ട മീഡിയ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്തനംതിട്ട മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എം ഏരിയാ കമ്മിറ്റി അംഗവുമായ പ്രദീപ് കുമാർ തങ്കപ്പനെതിരെയാണ് ആരോപണം. പഞ്ചായത്തിലെ ഏഴാം വാർഡായ നെല്ലിക്കാലയിലെ ലക്ഷം വീട് കോളനി നിവാസിയാണ് പ്രദീപിനെതിരെ പരാതി നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോഴഞ്ചേരി നെല്ലിക്കാല ലക്ഷം വീട് കോളനിയിലെ നിരവധി ആളുകൾക്ക് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ടെസ്റ്റ് നടത്തുന്നതിനും കോളനിയിലേക്ക് മറ്റ് സഹായങ്ങൾ ചെയ്ത് നൽകണമെന്നും ആവശ്യപ്പെട്ട് കോളനി നിവാസിയായ സുനിത്ത് പ്രദീപിനെ സമീപിച്ചത്. എന്നാൽ, ഞങ്ങളുടെ പാർട്ടിയിൽ ചേർന്നാലേ ഇതൊക്കെ നടക്കൂ എന്നായിരുന്നു പ്രദീപിന്റെ മറുപടി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലാണ് ഗുരുതര സംഭവമെന്നതും ഗൗരവമാണ്.
Post Your Comments