ലണ്ടൻ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് സഹായമാകാൻ യുകെയുടെ മൂന്ന് കൂറ്റൻ ഓക്‌സിജൻ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ് ഈ പ്ലാന്റുകൾ. ഇതുമായി ആന്റനോവ് 124 വിമാനം ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തും.
നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം വെള്ളിയാഴ്ച യാത്ര തിരിച്ചത്. 18 ടൺ ഭാരമുളള ഈ ജനറേറ്ററുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ ഒരേ സമയം അൻപത് പേർക്ക് ഉപയോഗിക്കാനാകും. ഇന്ത്യയിലെത്തുന്ന ഓക്‌സിജൻ ജനറേറ്ററുകൾ ഇന്ത്യൻ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റും. ഇതോടൊപ്പം 1000 വെന്റിലേറ്ററുകളും കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യ നേരിടുന്ന പ്രതിസന്ധിയിൽ ബ്രിട്ടൻ നൽകുന്ന സഹായങ്ങളുടെ തുടർച്ചയാണിത്.
40 അടി വരുന്ന ചരക്കു കണ്ടെയ്‌നറുകളിൽ കയറ്റിയാണ് പ്ലാന്റ് അയച്ചത്. രാത്രിയിലാണ് കണ്ടെയ്‌നറുകൾ ക്രെയിനുകളുടെ സഹായത്തോടെ വിമാനത്തിലേക്ക് കയറ്റിയത്. നോർത്തേൺ അയർലൻഡ് ആരോഗ്യമന്ത്രി റോബിൻ സ്വാൻ വിമാനത്താവളത്തിലെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വിദേശകാര്യ കോമൺവെൽത്ത് ഡെവലപ്‌മെന്റ് ഓഫീസാണ് ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചത്. മാരക വൈറസിനെ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് സാദ്ധ്യമായ എല്ലാ സഹായവും തുടർന്നും നൽകുമെന്ന് ഹെൽത്ത് സോഷ്യൽ കെയർ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.
Post Your Comments