ലണ്ടന്‍: റയല്‍ മാഡ്രിഡിനുവേണ്ടി കളിച്ചുകൊണ്ടിരുന്ന സമയത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍ മോഡല്‍ രംഗത്തെത്തി. സംഭവത്തില്‍ തനിക്കുണ്ടായ വേദനയ്ക്കും കഷ്ടപ്പാടിനും പകരമായി 579 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് 37കാരിയായ കാതറിന്‍ മിയോര്‍ഗയാണ് രംഗത്തെത്തിയിരിക്കുന്നത്. കാതറിന്‍ കോടതിയില്‍ നല്‍കിയ രേഖകളെ ഉദ്ദരിച്ച് ദ മിറര്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2009 ല്‍ ലാസ് വെഗാസ് ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കാതറിന്‍ ആരോപിക്കുന്നത്.
ഈ കേസിലെ സാക്ഷികളുടെ പട്ടികയില്‍ ബ്രിട്ടീഷ് മുന്‍ ബിഗ് ബ്രദര്‍ താരം ജാസ്മിന്‍ ലെനാര്‍ഡ് (35) ഉള്‍പ്പെടുന്നു.
2008 മുതല്‍ റൊണാള്‍ഡോയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും, വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കാതറിന്‍ ആരോപിക്കുന്നതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റന്‍ കൂടിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശക്തമായി നിഷേധിക്കുന്നു. ‘ന്യായമായ സംശയത്തിനപ്പുറം ഇത് തെളിയിക്കാനാവില്ല’ എന്ന് ലാസ് വെഗാസ് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയതാണ്. ഈ സംഭവത്തില്‍ പിന്നീട് ക്രിമിനല്‍ കുറ്റങ്ങളൊന്നും ഫയല്‍ ചെയ്തിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ മിയോര്‍ഗ നല്‍കിയ നഷ്ടപരിഹാര കേസില്‍ പ്രതികൂല വിധി ഉണ്ടായാല്‍ ഏകദേശം 500 കോടിയിലേറെ രൂപ റൊണാള്‍ഡോ പിഴ ഒടുക്കേണ്ടിവരും. ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിനുവേണ്ടി കളിക്കുന്ന റൊണാള്‍ഡോയുടെ രണ്ടു വര്‍ഷത്തെ ശമ്ബളത്തിന് തുല്യമാണ് ഈ തുകയെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ലൈംഗിക പീഡന കേസ് 2010ല്‍ കോടതിക്കു പുറത്തുവെച്ച് വന്‍തുക നല്‍കി ഒതുക്കിതീര്‍ത്തതായിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് അംഗീകരിച്ച സമയത്ത് താന്‍ മാനസികമായി ദുര്‍ബലാവസ്ഥയിലായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കാതറിന്‍ മിയോര്‍ഗ മൂന്നു വര്‍ഷം മുമ്ബ് റൊണാള്‍ഡോയ്ക്കെതിരെ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ‘എനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കുന്നു. ഇത് മ്ലേച്ഛമായ കുറ്റകൃത്യമാണ്’- റൊണാള്‍ഡോ പ്രതികരിച്ചു.
അതേസമയം ഇപ്പോഴത്തെ ആരോപണത്തില്‍ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി അമ്മയും കാമുകിയും രംഗത്തെത്തി. തന്‍റെ മകന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അവനില്‍ വിശ്വാസമുണ്ടെന്നും അമ്മ ഡോലോറസ് പറഞ്ഞു. റൊണാള്‍ഡോയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് താരത്തിന്‌റെ കാമുകി, 26 കാരിയായ സ്പാനിഷ് മോഡല്‍ ജോര്‍ജീന റോഡ്രിഗസും പറഞ്ഞു.
ആരാണ് തന്നെ പീഡിപ്പിച്ചതെന്നോ എവിടെയാണ് സംഭവിച്ചതെന്നോ പറയാന്‍ മിയോര്‍ഗ വിസമ്മതിച്ചതിനാല്‍ പോലീസിന് അക്കാലത്ത് ‘അര്‍ത്ഥവത്തായ അന്വേഷണം’ നടത്താന്‍ കഴിഞ്ഞില്ലെന്ന് ഇപ്പോള്‍ കേസ് നടക്കുന്ന അമേരിക്കയിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. തല്‍ഫലമായി, ഡിറ്റക്ടീവുകള്‍ക്ക് ‘സുപ്രധാന ഫോറന്‍സിക് തെളിവുകള്‍ അന്വേഷിക്കാനും ശേഖരിക്കാനും കഴിയുന്നില്ല’, റൊണാള്‍ഡോയും മിയോര്‍ഗയും ഒരുമിച്ച് കാണിക്കുന്ന ഒരു വീഡിയോ നഷ്ടപ്പെടുകയും ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മയോര്‍ഗ 2018 ഓഗസ്റ്റില്‍ പോലീസിനെ ബന്ധപ്പെട്ടു, ഈ സമയത്താണ് റൊണാള്‍ഡോയെ ആക്രമണകാരിയെന്ന് അവര്‍ വിശേഷിപ്പിച്ചത്.
Post Your Comments