മുംബൈ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച റെയില്‍വേ ജീവനക്കാരനായ മയൂര്‍ ശഖറാം ഷെല്‍ക്കെ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്‍റെ ധീരകൃത്യത്തെ അഭിനന്ദിച്ച് റെയില്‍വേ സമ്മാനിച്ച പാരിതോഷികമായ അരലക്ഷം രൂപയില്‍ പകുതി തുക, ട്രാക്കില്‍ വീണുപോയ ബാലനും അവന്‍റെ അന്ധയായ മാതാവിനും നല്‍കാനാണ് മയൂറിന്‍റെ തീരുമാനം.
‘കോവിഡിന്‍റെ പ്രയാസമേറിയ സാഹചര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് പണമായി സമ്മാനം തരാന്‍ ആഗ്രഹിക്കുന്നവര്‍ ചെക്കായി നല്‍കിയാല്‍ അത് ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവര്‍ക്കും കൈമാറും’ – സാമൂഹിക മാധ്യമത്തില്‍ മയൂര്‍ പോസ്റ്റ് ചെയ്തു. റെയില്‍വേ നല്‍കിയ തുകയുടെ പകുതി കുടുംബത്തിന് നല്‍കുമെന്നും പോയിന്റ്സ്മാനായി ജോലി ചെയ്യുന്ന മയൂര്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലടക്കം ആളുകള്‍ മയൂറിന്‍റെ ഈ നന്മയെ നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. മയൂറിന്റെ ധീരപ്രവര്‍ത്തിയില്‍ നിരവധി പേരാണ് അഭിനന്ദനവും സമ്മാനവുമായി എത്തിയത്. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയില്‍വേ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
റെയില്‍വെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാല്‍തെറ്റി ട്രാക്കിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്പ്രസ് ട്രെയിന്‍, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് ദൈവദൂതനെപ്പോലെ ഷെല്‍ക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കില്‍ നിന്ന് കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.
Post Your Comments