സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ‘എല്ലാവര്ക്കും സൗജന്യ വാക്സിന് എന്നത് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കാര്യമാണ്. ഇടയ്ക്കിടയ്ക്ക് മാറ്റി പറയേണ്ട കാര്യം ഞങ്ങള്‍ക്കില്ല. സൗജന്യം എന്ന് പറയുന്നത് വയസ്സ് അടിസ്ഥാനത്തിലല്ല. എല്ലാവര്ക്കും സൗജന്യമായിരിക്കും.’ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സംസ്ഥാനത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിനെ അറിയിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. വാക്സിൻ തരാനുളള ബാദ്ധ്യത അവർക്കുണ്ട്, അത് നൽകേണ്ടതാണ്. അതാണ് സംസ്ഥാനം അറിയിച്ചത്. സംസ്ഥാനത്തിന്റെ പ്രായോഗിക വിഷമങ്ങൾ, കോവിഡിനെതിരായ പോരാട്ടം ഉണ്ടാക്കിയ ബാദ്ധ്യതകൾ എന്നിവയ്ക്കുമേലെ ഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.’ കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാദ്ധ്യത അവർതന്നെ വഹിക്കണം എന്നൊരു സംസ്ഥാനം ആവശ്യപ്പെടുന്നതിൽ യാതൊരു തെറ്റും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments