പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും തമിഴ് നടന്‍ വിവേകിന്റെ മനസില്‍ വലിയൊരു വിങ്ങലുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി വിട്ടുപിരിയേണ്ടി വരുമ്പോള്‍ ഉള്ള വേദന വിവരണാതീതമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്‍ വിവേകിന്റെ ജീവിതത്തില്‍ വളരെ വേദനിപ്പിക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. 13 വയസ് മാത്രം പ്രായമുള്ള മകന്‍ പ്രസന്നകുമാര്‍ മരണത്തിനു കീഴടങ്ങിയത് 2015 ഒക്ടോബര്‍ 29 നാണ്. സ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന വിവേകിന്റെ ഹൃദയം നുറുങ്ങി.
കാരണം, മകനെ അത്രത്തോളം സ്‌നേഹിച്ചിരുന്ന വാത്സല്യനിധിയായ പിതാവ് കൂടിയായിരുന്നു അദ്ദേഹം.ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായാണ് പ്രസന്നകുമാര്‍ മരിച്ചത്. ചെന്നൈയിലെ വടപളനിയിലുള്ള എസ്‌ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാധിച്ച് 40 ദിവസത്തോളം പ്രസന്നകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. പനി തലച്ചോറിനെ കൂടി ബാധിച്ചതോടെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏറെ ദിവസം ജീവന്‍ നിലനിര്‍ത്തിയത്. ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ 19 വയസ്സ് ഉണ്ടാകുമായിരുന്നു പ്രസന്നന്.
പ്രസന്നൻ കൂടാതെ രണ്ടു പെണ്മക്കൾ കൂടി വിവേകിന് ഉണ്ട്. വിവേകിന്റെയും ഭാര്യ അരുള്‍സെല്‍വിയുടെയും മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു പ്രസന്നകുമാര്‍. അമൃത നന്ദിനി, തേജസ്വിനി എന്നിവരാണ് വിവേകിന്റെ മറ്റ് രണ്ട് മക്കള്‍. ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു വിവേകിന്റെയും കൂട്ടരുടെയും ലക്‌ഷ്യം. ഇതുകൂടാതെ ദിവസവും യോഗയും ചെയ്യാറുള്ള വിവേക് ഇത് ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്തു. എന്നാൽ ഹൃദയാരോഗ്യത്തിനായി അദ്ദേഹം എന്തെങ്കിലും ടെസ്റ്റുകൾ നടത്തിയതായോ മുൻപ് ഹൃദ്രോഗം വന്നതായോ റിപ്പോർട്ടില്ല.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍വച്ച് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്നാണ് വിവേകിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ വഴിമധ്യേ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും തലച്ചോറിലേക്കുള്ള രക്ത ഓട്ടം നിലക്കുകയുമായിരുന്നു.
വിവേകിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിനു ഇടത് കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ലോക്ക് ഉണ്ട്. ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചത്. വിവേകിന്റെ ഹൃദയ വാല്‍വില്‍ ആന്ജിയോപ്ലാസ്റ്റി നടത്തുകയും സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ കൂടുതല്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലും വിവേക് ഐസിയുവില്‍ ചികിത്സയിലായിരുന്നു.
വിവേകിന്റെ ആരോഗ്യനില മോശമാകാന്‍ കാരണം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് അടക്കം വ്യക്തമാക്കുന്നത്.
വിവേകിന് ഹൃദയാഘാതമുണ്ടായതും വാക്‌സിന്‍ സ്വീകരിച്ചതും തമ്മില്‍ യാതൊരു ബന്ധവുമില്ല. വിവേകിനെ നെഞ്ച് വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് വിവേക് കോവാക്‌സിന്‍ സ്വീകരിക്കുന്നത്. വിവേകിനെ കൂടാതെ 830 പേരാണ് വ്യാഴാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോവാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇവരിലാര്‍ക്കും യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Post Your Comments