ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിൻ മൈത്രി നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലോകം മുഴുവൻ ഒരു കുടുംബമാണെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും ആരും പിന്നിലായി പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു. വെർച്വലായി നടത്തിയ റെയ്‌സിന ഡയലോഗിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാവർക്കും തുല്യത ഉറപ്പാക്കുകയാണ് ഇന്ത്യയുടെ വാക്‌സിൻ മൈത്രി നയത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാടിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. തുല്യത ഉറപ്പാക്കുന്ന തരത്തിലാണ് ഇന്ത്യ ആഗോളവത്ക്കരണത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നത്. ലോകം ഇന്ത്യയ്ക്കും ഇന്ത്യ ലോകത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിക്ക് മുൻപ് തന്നെ ഇന്ത്യ ജീവകാരുണ്യ, ദുരന്ത നിവാരണ രംഗങ്ങളിൽ എല്ലാവർക്കും ഒരുപോലെ സഹായങ്ങൾ നൽകിയിരുന്നുവെന്നും പ്രായോഗികതയാണ് ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ആധാരമെന്നും ജയശങ്കർ വ്യക്തമാക്കി. ഏപ്രിൽ 13 വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം നൂറോളം രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ നൽകി കഴിഞ്ഞു. വിവിധ രാജ്യങ്ങൾക്കായി ഇന്ത്യ 651.184 ലക്ഷം വാക്‌സിൻ ഡോസുകളാണ്
ഇതുവരെ വിതരണം ചെയ്തത്.
Post Your Comments