തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് നടനും രാജ്യസഭാ എംപിയുമായ സുരേഷ്ഗോപി. എന്നാൽ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത എം.പിയായ സുരേഷ്ഗോപിയ്ക്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന വാദവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരുമായി ചര്‍ച്ചയില്‍ സുരേഷ്ഗോപിയെ അയോഗ്യനാക്കാന്‍ വകുപ്പുണ്ടെന്ന് ഉപദേശം ലഭിച്ചതായി ടി.എന്‍ പ്രതാപന് എം.പി പറഞ്ഞു. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്താല്‍ ആ പദവിയെ കളങ്കപ്പെടുത്തരുത്. അങ്ങനെയുണ്ടായാല്‍ ചോദ്യം ചെയ്യുമെന്ന് ടി.എന്‍ പ്രതാപന് പറഞ്ഞു.
നാമനിര്‍ദ്ദേശം ചെയ്ത അംഗം പാര്‍ട്ടി അംഗത്വമെടുക്കുകയോ മത്സരിക്കുകയോ ചെയ്താല്‍ അയോഗ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മുന്‍പ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ നിബന്ധന അറിഞ്ഞിരുന്നില്ല അതിനാലാണ് അന്നുതന്നെ സുരേഷ്ഗോപിയ്ക്കെതിരെ പരാതിപ്പെടാത്തത്. നാളെ രാഷ്ട്രപതിക്കോ, ഉപരാഷ്ട്രപതിക്കോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോ പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നിയമ പോരാട്ടത്തിനു തന്നെ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാദം അസംബന്ധമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. സുരേഷ്ഗോപി മത്സരിക്കാനെത്തിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വല്ലാതെ വിഭ്രാന്തി ബാധിച്ചിരിക്കുകയാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു
Post Your Comments