കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ലോകത്തിന് നൽകിയ സമ്മാനമാണ് കോവിഡ് -19 വാക്സീൻ പുറത്തിറക്കിയതും വിതരണം ചെയ്തതുമെന്ന് യുഎസ് ശാസ്ത്രജ്ഞൻ. വാക്സീൻ നിർമാണത്തിലും വിതരണത്തിലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മഹാമാരി സമയത്ത് ഇന്ത്യയെ ലോകത്തിന്റെ ഫാർമസി എന്നാണ് വിളിച്ചിരുന്നത്. മരുന്ന്, വാക്സീൻ നിർമാണത്തിൽ ഇന്ത്യൻ വിദഗ്ധരുടെ പരിചയസമ്പത്തും വൈദ്യശാസ്ത്രത്തിലെ ആഴത്തിലുള്ള അറിവും ലോകത്തിനു തന്നെ വലിയ സഹായമാണ് നൽകിയത്.
ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമാതാക്കളിൽ ഒന്നാണ് ഇന്ത്യ. കൊറോണ വൈറസ് വാക്സീനുകളുടെ നിർമാണത്തിലും ഇന്ത്യ തന്നെയാണ് മുന്നിൽ. മിക്ക രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്നാണ് വാക്സീനുകൾ വിതരണം ചെയ്യുന്നത്. രണ്ട് എംആർഎൻഎ വാക്സീനുകൾ ലോകത്തെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഏറെ സഹായകരമാകും.
എന്നാൽ, ബിസിഎം, ഓക്സ്ഫഡ് സർവകലാശാല എന്നിവയുമായി സഹകരിച്ച് ഇന്ത്യയിൽ നിർമിച്ച വാക്സീനുകളാണ് ലോകത്തെ രക്ഷിച്ചതെന്നും ഇവരുടെ സംഭാവനകളെ കുറച്ചുകാണരുതെന്നും ഹ്യൂസ്റ്റണിലെ ബെയ്ലർ കോളേജ് ഓഫ് മെഡിസിൻ (ബിസിഎം) നാഷണൽ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ ഡീൻ ഡോ. പീറ്റർ ഹോട്ടസ് പറഞ്ഞു.
ഇന്തോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (ഐഎസിസിജിഎച്ച്) സംഘടിപ്പിച്ച വെബിനാറിലാണ് പീറ്റർ ഹോട്ടസ് ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്. നിരവധി രാജ്യങ്ങൾക്കായി 56 ലക്ഷം ഡോസ് കൊറോണ വൈറസ് വാക്സീനുകൾ ഇന്ത്യ നൽകിയിട്ടുണ്ട്. ശ്രീലങ്ക, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ്, കാനഡ, തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സീനുകൾ കയറ്റി അയച്ചു.
Post Your Comments