KeralaLatest NewsNews

എതിരാളിയോടുള്ള വിരോധം തീര്‍ക്കാന്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല

സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഞാന്‍ ടീച്ചറുടെ ഒരു FB പോസ്റ്റ് അല്‍പം വൈകിയാണ് കണ്ടത്

ശബരിനാഥന്‍ എംഎല്‍എ തനിക്കെതിരെ നടത്തിയ അവാസ്തവപ്രചരണങ്ങള്‍ ചൂണ്ടിക്കാണിച്ച് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി ശബരിയുടെ അമ്മയും അധ്യാപികയുമായ സുലേഖ ടീച്ചര്‍ക്ക് തുറന്ന കത്ത്. സംസ്‌കൃത സര്‍വ്വകലാശാലയില്‍ അധ്യാപികയായി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യതയെ പറ്റി നടക്കുന്ന അവാസ്തവപരമായ പ്രചാരണങ്ങൾക്ക് മറുപടിയായി സ്വന്തം യോഗ്യതകള്‍ വിളിച്ചു പറയേണ്ടി വരുന്ന നിവൃത്തികേടിനെ കുറിച്ച് ടീച്ചര്‍ പറഞ്ഞ അതേ അവസ്ഥയാണ് തനിക്കെന്നും നിനിത പറയുന്നു.

നിനിത കണിച്ചേരിയുടെ വാക്കുകള്‍:

സുലേഖടീച്ചര്‍ക്ക് സ്‌നേഹപൂര്‍വ്വം

പ്രിയ സുലേഖടീച്ചര്‍,
സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഞാന്‍ ടീച്ചറുടെ ഒരു FB പോസ്റ്റ് അല്‍പം വൈകിയാണ് കണ്ടത് . അതാണ് ഇപ്പോള്‍ ഇങ്ങനെയൊരു പ്രതികരണത്തിന് എന്നെ പ്രേരിപ്പിച്ചത്.
കാര്യത്തിലേക്ക് വരും മുമ്പ് നാം തമ്മിലുള്ള സവിശേഷമായ ഒരുബന്ധം കൂടി ഓര്‍മ്മിപ്പിക്കട്ടെ, ടീച്ചറുടെ ഭര്‍ത്താവ് ആദരണീയനായ ശ്രീ.ജി.കാര്‍ത്തികേയന്‍ സാര്‍ എന്റെ അമ്മയുടെ സഹപാഠിയും അച്ഛന്റേയും ,എം.ബി രാജേഷിന്റേയും അടുത്ത സുഹൃത്തുമായിരുന്നു. വര്‍ക്കല SN കോളേജില്‍ 1967-68ല്‍ KSU വിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീ.കാര്‍ത്തികേയന്‍ സാറിനെതിരെKSF ന്റെ സ്ഥാനാര്‍ത്ഥി എന്റെ അമ്മ നബീസാ ബീവിയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാനാവാതെ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നുവത്രേ. എന്റെ വിവാഹത്തിനു വന്നപ്പോള്‍ ശ്രീ.കാര്‍ത്തികേയന്‍സാര്‍ ഇക്കാര്യം സംസാരിച്ചത് ഇന്നും ഞാനോര്‍ക്കുന്നു. അങ്ങനെ ഞങ്ങള്‍ക്കെല്ലാം അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീ.കാര്‍ത്തികേയന്‍ സാറിന്റെ ഭാര്യ എന്ന സ്‌നേഹം ,നേരില്‍ പരിചയമില്ലെങ്കിലും ടീച്ചറിനോട് എനിക്കുണ്ട് .

read also:കൊല്ലത്ത് വിവാഹ വേദിയില്‍ വധുവിന്റെയും വരന്റെയും സംഘങ്ങൾ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് ; വീഡിയോ വൈറൽ
ഇനി കാര്യത്തിലേക്ക് വരാം .കേരളത്തിന്റെ അക്കാദമിക് രംഗത്ത് പല ഉയര്‍ന്ന പദവികളും വഹിച്ചിട്ടുള്ള ടീച്ചറുടെ യോഗ്യതകളെ സമൂഹമാധ്യമങ്ങളില്‍ ആരെല്ലാമോ ചോദ്യം ചെയ്തതാണല്ലോ ടീച്ചറെ വേദനിപ്പിച്ചതുംFB പോസ്റ്റിന് നിദാനമായതും .എന്നാല്‍ എഡിറ്ററില്ലാത്ത സമൂഹമാധ്യമങ്ങളില്‍ നിന്നു മാത്രമല്ല എഡിറ്ററുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു പോലും സമാനമായ ആക്രമണം ഞാന്‍ നേരിടുന്നത് ടീച്ചര്‍ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. സ്വന്തം യോഗ്യതകള്‍ വിളിച്ചു പറയേണ്ടി വരുന്ന നിവൃത്തികേടിനെ കുറിച്ച് ടീച്ചര്‍ പറഞ്ഞല്ലോ.അതേ അവസ്ഥയാണിപ്പോള്‍ എനിക്കും. ടീച്ചറുടെ മകനും എം.എല്‍.എയുമായ ശ്രീ.ശബരീനാഥ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അവാസ്തവ പ്രചരണമാണിതിനു കാരണം.സംസ്‌കൃത സര്‍വ്വകലാശാലയില്‍ അധ്യാപികയായി നിയമിക്കപ്പെടാനുള്ള എന്റെ യോഗ്യതയെ അദ്ദേഹമുള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യുന്നതിനാല്‍ സ്വന്തം യോഗ്യതകള്‍ വിശദീകരിക്കാന്‍ ടീച്ചറെപ്പോലെ ഞാനും നിര്‍ബന്ധിതയായിരിക്കുകയാണ്.

ടീച്ചര്‍ പഠിച്ചിറങ്ങിയ കാലത്ത് കോളേജ് അധ്യാപികയാവാനുള്ള അടിസ്ഥാന യോഗ്യത പി.ജി മാത്രമായിരുന്നെങ്കില്‍ ഇന്ന് പി.ജിക്ക് പുറമെ U G C യുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET )കൂടി പാസ്സാവണമെന്ന് ടീച്ചര്‍ക്ക് അറിയാമല്ലോ.എനിക്ക് എം.എക്ക് ഫസ്റ്റ്ക്ലാസും NET ഉം അധിക യോഗ്യതയായി
Ph Dയും ഉണ്ടായിട്ടും അടിസ്ഥാനയോഗ്യത പോലുമില്ലെന്നാണ് ചിലര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. അടിസ്ഥാന യോഗ്യതയും അധികയോഗ്യതകളും എനിക്കുണ്ടെന്ന് മറ്റാര്‍ക്ക് മനസ്സിലായില്ലെങ്കിലും കേരള സര്‍വ്വകലാശാലയിലെ പരീക്ഷാ കണ്‍ട്രോള റായി വിരമിച്ച ടീച്ചര്‍ക്ക് മനസ്സിലാവാതെ വരില്ലല്ലോ. രണ്ട് കട്ടികളുടെ അമ്മ , അധ്യാപിക എന്നീ നിലകളിലുള്ള ജോലിഭാരത്തിനൊപ്പം ഒരു പൊതുപ്രവര്‍ത്തകന്റെ ഭാര്യ എന്ന അധിക സമ്മര്‍ദ്ദം കൂടി അനുഭവിച്ച് കൊണ്ട് ഒരു സ്ത്രീ ഗവേഷണം പൂര്‍ത്തിയാക്കി Ph D കരസ്ഥമാക്കുന്നത് എത്രമേല്‍ ദുഷ്‌ക്കരമാണെന്ന് മറ്റാരേക്കാള്‍ നന്നായി ടീച്ചര്‍ക്ക് തിരിച്ചറിയാനാകും എന്നാണ് എന്റെ പ്രതീക്ഷ .ടീച്ചറും സമാനമായസാഹചര്യങ്ങളില്‍ നിന്നു കൊണ്ടായിരിക്കുമല്ലോ Ph Dനേടിയത്. ഉന്നത പരീക്ഷാവിജയങ്ങളും
Ph Dയുമൊക്കെ നേതാക്കളുടെ ഭാര്യമാര്‍ എന്ന നിലയില്‍ നമുക്കാരും തന്ന ഔദാര്യമല്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രം നേടുന്നതാണെന്നും ടീച്ചര്‍ അംഗീകരിക്കുമെന്ന്എനിക്കുറപ്പാണ്. ഭര്‍ത്താവിന്റെ മേല്‍ വിലാസത്തിലല്ലാതെ സ്വന്തമായി ആര്‍ജ്ജിച്ച കഴിവും യോഗ്യതകളും കൊണ്ട് ഒരു സ്ത്രീക്ക് ഉയര്‍ന്നു വരാനാകും എന്ന് ടീച്ചര്‍ വിശ്വസിക്കുന്നില്ലേ?

സംസ്‌കൃത സര്‍വ്വകലാശാല, മലയാളം അസിസ്റ്റന്‍ഡ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാന്‍ UGCമാനദണ്ഡപ്രകാരം നിശ്ചയിച്ച കട്ട് ഓഫ്മാര്‍ക്ക് ആയ 60 നേടാന്‍ എനിക്ക് എം.എ ഫസ്റ്റ് ക്ലാസും (25 മാര്‍ക്ക്) Ph Dയും (30 മാര്‍ക്ക്) NET ഉം ( 5 മാര്‍ക്ക് ) മാത്രം മതിയെന്ന കാര്യം UGCമാനദണ്ഡങ്ങള്‍ നന്നായറിയുന്ന ടീച്ചര്‍ നിഷേധിക്കില്ലല്ലോ .ഡിഗ്രിക്കും പ്രസിദ്ധീകരണത്തിന്നും നല്‍കുന്ന മാര്‍ക്കുകള്‍ കൂടി ഇതിനു പുറമെ എനിക്ക് ലഭിക്കുകയും ചെയ്യും

എനിക്ക്‌കോളേജ് അധ്യാപന പരിചയമില്ല എന്നും അതുള്ളവരെ മറികടന്ന് എന്നെ നിയമിച്ചു എന്നുമാണ് മറ്റൊരു ആരോപണം. എന്നാല്‍ എനിക്കൊപ്പംഅഭിമുഖത്തില്‍ പങ്കെടുത്തവരിലധികവും UGC നിഷ്‌കര്‍ഷിച്ചപ്രകാരമുള്ള അധ്യാപന പരിചയം ഇല്ലാത്തവരായിരുന്നു എന്നതാണ് വസ്തുത.( കോളേജ് അധ്യാപന പരിചയം ഉള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് യുജിസി വ്യവസ്ഥ ചെയ്യുന്നുമില്ല )ഗസ്റ്റ് അധ്യാപന പരിചയമാണ് അവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. NET ഉം Ph Dയും ഉണ്ടെങ്കിലും സ്ഥിരം സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ആരാണ് ഗസ്റ്റ് അധ്യാപന ജോലിക്ക് താത്പര്യപ്പെടുക?എനിക്ക് നേരത്തേ തന്നെ പി.എസ് .സി മുഖേന സ്ഥിരം ജോലി ലഭിച്ചതിനാലാണ് ഗസ്റ്റ് അധ്യാപികയായി ജോലി നോക്കേണ്ടി വരാതിരുന്നത് .അതെങ്ങിനെ അയോഗ്യതയാവും? പിന്നെ എന്തിനാണ് എനിക്കെതിരെ കളളപ്രചരണം നടത്തിയിട്ടുണ്ടാവുക എന്ന് ടീച്ചര്‍ക്ക് ഊഹിക്കാമല്ലോ.

read also:ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം, പുതിയ തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ഫെബ്രുവരി 6 ലെ മലയാള മനോരമ പത്രം ‘സര്‍ക്കാര്‍ പ്രതിനിധി ‘എനിക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കി എന്ന് വരെ എഴുതിയിരിക്കുന്നു ! സര്‍വ്വകലാശാല അധ്യാപക നിയമന സെലക്ഷന്‍ കമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയില്ല എന്ന് എന്തായാലും ടീച്ചര്‍ക്കറിയാമല്ലോ.ഗവര്‍ണറുടെ പ്രതിനിധി എന്നതിനെ സര്‍ക്കര്‍ പ്രതിനിധി എന്ന് മാറ്റി വാര്‍ത്തയില്‍ കൊടുക്കുന്നത് അറിവില്ലായ്മ മാത്രമാകുമോ ?ഇതു വരെ എട്ടു ദിവസമാണ് പൊലിപ്പിച്ച വാര്‍ത്തകളും തലക്കെട്ടുകളും കൊണ്ട് ആ പത്രം എന്നെ വേട്ടയാടിയത് .വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോടല്ല ആശയങ്ങളോടാണ് ഏറ്റുമുട്ടേണ്ടത് എന്ന ടീച്ചറുടെ FB പോസ്റ്റ് വാര്‍ത്തയാക്കിയ ദിവസവും മനോരമയില്‍ എന്നെ ആക്ഷേപിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ള വാര്‍ത്തയുണ്ടായിരുന്നു. കേരളത്തില്‍ മറ്റെല്ലായിടത്തും അതേ വര്‍ത്ത 2 കോളത്തില്‍ ചെറുതായിരുന്നപ്പോള്‍ പാലക്കാട്ട് മാത്രം അഞ്ചു കോളത്തില്‍ വലിയ തലക്കെട്ടില്‍ വാര്‍ത്ത ആഘോഷിച്ചത് നിഷ്‌കളങ്കമായിട്ടല്ലെന്ന് ടീച്ചര്‍ക്ക് തോന്നുന്നില്ലേ? പ്രിവിലേജ്ഡ് ആയ ടീച്ചര്‍ക്കുള്ള സംരക്ഷണവും പരിഗണനയും തന്നില്ലെങ്കിലും ഇങ്ങനെ ലക്ഷ്യമിട്ട് ആക്രമിക്കുന്നത് ശരിയാണോ? ടീച്ചറുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, മനോരമയുമായി ആശയപരമായി ഏറ്റുമുട്ടുന്നയാളാണ് രാജേഷ് .കഴിഞ്ഞ കുറച്ചു കാലമായി അതിന്റെ തീവ്രത കൂടിയിട്ടുമുണ്ടാവാം. പക്ഷേ അതിന്റെ പേരില്‍ എന്നെ അധിക്ഷേപിക്കുന്നത് മാധ്യമ മര്യാദയാണോ?

ചില മാധ്യമങ്ങള്‍ഇപ്പോഴത്തെ സര്‍വ്വകലാശാലാ നിയമന പട്ടികയിലെ എന്റെ റാങ്കിനെ ,അതുമായി യാതൊരു ബന്ധവുമില്ലാത്തതും 2014ല്‍ എഴുതിയതുമായ psc അസിസ്റ്റന്‍ഡ് പ്രൊഫസര്‍ പരീക്ഷയിലെ എന്റെ റാങ്കുമായി താരതമ്യപ്പെടുത്തിചര്‍ച്ച ചെയ്യുകയുണ്ടായി. അതേ സമയം സര്‍വ്വകലാശാലാ റാങ്ക് ലിസറ്റില്‍ എനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഇതേ പരീക്ഷ എഴുതിയിരുന്നു എന്നതും അവരാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുപോലുമില്ല എന്നതും മാധ്യമങ്ങള്‍ മിണ്ടിയതേയില്ല. ചാനലുകളിലെ ചര്‍ച്ചകള്‍ക്കിടയില്‍ അങ്ങോട്ട് വിളിച്ച് ഞാനീ കള്ളം തുറന്നു കാണിച്ചപ്പോഴാണ് അവതാരകന്‍ തെറ്റു സമ്മതിക്കുകയും ക്ഷമ പറയുകയും ചെയ്തത് .

ഈ വിവാദം തുടങ്ങിവച്ചവരുടെ നിക്ഷിപ്ത താത്പര്യവും ആളിക്കത്തിച്ചതിന് പിന്നിലെ മറ്റ് ലക്ഷ്യങ്ങളും കൂടി ടീച്ചറെ പോലുള്ളവര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.
നമ്മുടെ സ്വകാര്യ മാനേജ്‌മെന്റ് കോളേജുകളിലെ നിയമനരീതികളെ കുറിച്ചെല്ലാം ടീച്ചര്‍ക്കറിയാമല്ലോ. ഞാന്‍ 2010 ല്‍ NET പാസ്സായയാളാണ്. 2018ല്‍ Ph Dയും നേടി ഈ കാലയളവില്‍ 9 വര്‍ഷവും എം.ബി രാജേഷ് എം.പിയായിരുന്നു .മാത്രമല്ല പല സ്വകാര്യ മാനേജ്‌മെന്റുകളുമായും നല്ലബന്ധമുള്ളയാളുമാണ്.ഒരു അധ്യാപക ജോലി തരപ്പെടുത്തണമായിരുന്നെങ്കില്‍ ഈ കാലയളവിനുള്ളില്‍, ഈ യോഗ്യതകള്‍ വച്ച്, വലിയ കോലാഹലങ്ങളൊന്നുമില്ലാതെ അതിനു കഴിയുമായിരുന്നല്ലോ .ഈ കാലയളവില്‍ സ്വകാര്യ മാനേജ്‌മെന്റ് കോളേജുകള്‍ നടത്തിയ 7 ഇന്റര്‍വ്യൂകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്,Ph Dയില്ലാത്ത പലര്‍ക്കും അവിടങ്ങളില്‍ ജോലി കിട്ടിയിട്ടുമുണ്ട്.സ്വകാര്യ എയിഡഡ് കോളേജുകളില്‍ ബിരുദാനന്തര ബിരുദം മാത്രം അടിസ്ഥാനമാക്കി ജോലി നേടിയ ശേഷം വിരമിച്ച ചിലരും ,UGC യോഗ്യതകളെല്ലാമുള്ള എന്നെ വിചാരണ ചെയ്യാന്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ ടി.വി സ്റ്റുഡിയോകളില്‍ സന്നിഹിതരായതും ടീച്ചര്‍ കണ്ടിരിക്കുമല്ലോ.
എതിരാളിയോടുള്ള വിരോധം തീര്‍ക്കാന്‍ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന ടീച്ചറുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .(സ്ത്രീകളെല്ലാം വീട്ടിലിരിക്കുന്നവരോ വീട്ടിലിരിക്കേണ്ടവരോ ആണെന്ന് ഞാന്‍ കരുതുന്നില്ല എന്നു കൂടി പറയട്ടെ ) ടീച്ചറുടെ കുറിപ്പ് ,അന്തസ്സോടെ ജീവിക്കാനുള്ള എല്ലാ സ്ത്രീകളുടെയും അവകാശത്തേയും സ്വാതന്ത്ര്യത്തേയും മുന്‍നിര്‍ത്തിയുള്ളതാണെന്നാണ് ഞാന്‍ കരുതുന്നത് .അങ്ങനെയാണെങ്കില്‍ എനിക്കു നേരെയുള്ള അധിക്ഷേപങ്ങളെയും ടീച്ചര്‍ തള്ളിപ്പറയും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

സ്‌നേഹാദരങ്ങളോടെ
നിനിത ആര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button