മുംബൈ : തിമിരം മൂലം കാഴ്ച നഷ്ടപ്പെട്ട താറാവിന് പ്രത്യേക ശസ്ത്രക്രിയ നടത്തി. വൈറ്റ് പെക്കിന് ഇനത്തില്‍പ്പെട്ട 3 വയസുള്ള താറാവിനാണ് ശസ്ത്രക്രിയ നടത്തിയത്. മൃഗങ്ങള്‍ക്കായുള്ള കണ്ണാശുപത്രിയായ മുംബൈയിലെ ദി ഐ വെറ്റ് എന്ന വെറ്ററിനറി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. എക്സോട്ടിക് പെറ്റ്സ് വിദഗ്ധരായ ഡോ. ശിവാനി, ഡോ. അര്‍ച്ചന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ഡിപ് എന്നു പേരുള്ള താറാവിനാണ് ശസ്ത്രക്രിയ നടത്തിയത്. കാഴ്ച മങ്ങിയപ്പോള്‍ ഫാമിലൂടെയുള്ള ഡിപ്പിന്റെ സഞ്ചാരവും ബുദ്ധിമുട്ടിലായത് ഉടമ ശ്രദ്ധിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. അനസ്തേഷ്യ നല്കി മയക്കിയ ശേഷം ശസ്ത്രക്രിയ ചെയ്യാനായിരുന്നു തീരുമാനിച്ചത്. താറാവിന് അനസ്തേഷ്യ നല്‍കുന്നത് ശ്രമകരമായ ജോലിയായിരുന്നു.
നീന്താന്‍ കഴിയുന്ന പക്ഷിയായതിനാല്‍ 30 മിനിറ്റോളം ശ്വസിക്കാതിരിയ്ക്കാന് താറാവിന് കഴിയും. അതുകൊണ്ടു തന്നെ അനസ്തേഷ്യാ വാതകം ശ്വസിക്കാന്‍ താറാവ് മടിച്ചു. നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് താറാവിന് അനസ്തേഷ്യ നല്കാന് സാധിച്ചത്. തുടര്‍ന്ന് മയക്കത്തിലായ താറാവിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. 2 ആഴ്ച മുന്‍പായിരുന്നു ശസ്ത്രക്രിയ. ഇപ്പോള്‍ കാഴ്ച തിരികെ ലഭിച്ചതോടെ കൂടുതല്‍ സന്തോഷത്തിലാണ് ഡിപ് ഫാമിലൂടെ നടക്കുന്നത്.
Post Your Comments