കൊച്ചി : തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ മനസാക്ഷി ശുദ്ധമാണെന്നും പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. തെറ്റ് ചെയ്തുവെന്ന ബോധം തന്റെ അപബോധ മനസിലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാരും ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സെന്നും അതാണ് തന്റെ പേരിലുള്ള കുറ്റമെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.
അറസ്റ്റ് അറിഞ്ഞിരുന്നില്ലെന്നും രഹസ്യമായി പ്ലാന്‍ ചെയ്ത പദ്ധതിയായിരുന്നു അതെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഒരു ഗവണ്‍മെന്റ് വിചാരിച്ചാല്‍, ആ ഗവണ്‍മെന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു എസ്.എച്ച്.ഒയും റൈറ്ററും ഉണ്ടെങ്കില്‍ ഏത് കൊലകൊമ്പനേയും അറസ്റ്റ് ചെയ്യാമെന്നും കേസില്‍ കുടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് താനല്ല തീരുമാനിക്കേണ്ടതെന്നും അതെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും നേതാക്കളും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments