കസബയിൽ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നേഹ സക്സേന മുന്തിരിവളളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പവും അഭിനയിച്ചു. ഇപ്പോഴിതാ താരം മോഹൻലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവം പങ്കുവവെച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാമിൽ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.മോഹൻലാലിനൊപ്പമുളള രണ്ടാമത്തെ ചിത്രം ആറാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷമാണ് നടി പങ്കുവെച്ചത്.
ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്.ലിവിങ് ലെജൻഡായ ലാലേട്ടനൊപ്പമുളള രണ്ടാമത്തെ ചിത്രം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണെന്നും ദൈവത്തിന് നന്ദി പറയുന്നു എന്നും നേഹ കുറിച്ചു. അദ്ദേഹം ഈഗോകളൊന്നുമില്ലാതെ നമ്മളെ പിന്തുണയ്ക്കുകയും പോസിറ്റീവായി ഇടപെടുകയും ചെയ്യുന്നു. തെറ്റായ ആറ്റിറ്റ്യൂഡുകളോ നെഗറ്റീവ് വൈബുകളോ ഒന്നും അദ്ദേഹത്തിനില്ല. മുന്തിരിവളളികൾ തളിർക്കുമ്പോൾ ചിത്രത്തിൽ അഭിനയിക്കുന്ന സമയം എനിക്ക് ഭയങ്കര ആത്മ വിശ്വാസ കുറവുണ്ടായിരുന്നു.
കാരണം എനിക്ക് അന്ന് മലയാളത്തിൽ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ അന്ന് ഡയലോഗുകൾ പഠിക്കാനെല്ലാം അദ്ദേഹം എന്നെ സഹായിച്ചു. ആ ഒരു സിംപ്ലിസിറ്റി എന്നെ അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കി മാറ്റി. പുതിയ ആളുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന രീതി തീർച്ചയായും അദ്ദേഹത്തിന്റെ മികച്ച ഗുണമാണ്. അദ്ദേഹം ശരിക്കും നല്ലൊരു വ്യക്തിത്വമാണ്. ലാലേട്ടനൊപ്പം രണ്ടാമത്തെ സിനിമ ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നേഹ സക്സേന സൂപ്പർതാരത്തെ കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.
Post Your Comments