അല്‍ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമനും 1998ല്‍ ആഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനുമായ അല്‍ മുഹമ്മദ് അല്‍- മസ്റി കൊല്ലപ്പെട്ടു. എംബസി ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഇറാനില്‍ വെച്ച് മൂന്നുമാസം മുന്‍പ് മസ്റി കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 58 കാരനായ അല്‍ മസ്റി അല്‍ ഖ്വായിദയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്.
നിലവിലെ നേതാവ് അയ്മാന്‍ അല്‍- സവാഹരിക്ക് ശേഷം അല്‍ മസ്റി സംഘടനയുടെ തലപ്പത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെട്ടത്. കെനിയയിലെയും ടാന്‍സാനിയയിലെയും യുഎഎസ് എംബസികളില്‍ നടന്ന ആക്രമണത്തില്‍ 224 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ മസ്റിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ശക്തിപ്രാപിച്ചതോടെ സമീപകാലത്ത് അല്‍ ഖ്വായിദ പിന്തള്ളപ്പെട്ടുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അല്‍- മസ്റിക്ക് നേരെ ആക്രമണമുണ്ടായെന്നും കൊല്ലപ്പെട്ടുവെന്നും നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അല്‍ ഖ്വായിദയും തങ്ങളുടെ ഉന്നത നേതാവിന്റെ മരണം പുറത്തുവിട്ടിരുന്നില്ല. ഇറാനിയന്‍ അധികൃതരും പുറംലോകത്ത് നിന്ന് ഇത് മറച്ചുവെച്ചു.
ഇതുവരെയും ഒരു രാജ്യവും ആക്രമണത്തിന്റെ ഉത്തരവാദിത്വം പരസ്യമായി ഏറ്റെടുത്തിട്ടില്ല. ആഗസ്റ്റ് ഏഴിന് ടെഹ്റാനിലെ നിരത്തില്‍ മോട്ടോര്‍ ബൈക്കിലെത്തിയെ രണ്ടുപേര്‍ അല്‍- മസ്റിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മകളും ഒസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ ലാദന്റെ ഭാര്യയുമായ മറിയവും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ നിര്‍ദേശപ്രകാരം ഇസ്രയേല്‍ ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവത്തില്‍ അമേരിക്കയുടെ പങ്ക് എന്താണെന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇറാനിലെ പ്രവര്‍ത്തനങ്ങളും അല്‍- മസ്റിയുടെ നീക്കങ്ങളും വര്‍ഷങ്ങളായി അമേരിക്ക രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. അമേരിക്കയുടെ പിടികൂടാനുള്ള കൊടുംഭീകരരുടെ പട്ടികയിലും അല്‍ മസ്റിയുടെ പേരുണ്ട്.
Post Your Comments