കാഠ്മണ്ഡു : കമ്യൂണിസ്റ്റ് ചൈനയുടെ സ്നേഹത്തോടെയുള്ള പാരവെപ്പിന് തിരിച്ചു നേപ്പാള്‍ സൈന്യത്തിന്റെ മറുപടി. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിച്ചു വിടുന്നതിനൊപ്പം നേപ്പാളിന്റെ ഭൂമി കയ്യിലാക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെയാണ് നേപ്പാള്‍ സൈന്യത്തിന്റെ ഇടപെടല്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ നേപ്പാൾ സൈന്യം പോസ്റ്റുകള്‍ സ്ഥാപിച്ചു.
ചൈനീസ് അതിര്‍ത്തികളില്‍ ആറു പോസ്റ്റുകളാണ് പുതുതായി സ്ഥാപിച്ചത്. ഇനി പതിനഞ്ചെണ്ണം കൂടി സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിന്റെ ഭൂമിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം നേപ്പാളിന്റെ പ്രദേശങ്ങള്‍ കയ്യടക്കാനാണ് ചൈനയുടെ ശ്രമമെന്ന് നേപ്പാളിലെ പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ചൈന അതിര്‍ത്തി കയ്യേറുന്നതും കിലോമീറ്ററുകളോളം അധീനതയിലാക്കിയതും ഒലിസര്‍ക്കാര്‍ കാണാത്തതെന്തെന്നും ചോദ്യമുയര്‍ന്നിരുന്നു . തുടര്‍ന്നാണ് ചൈനീസ് അതിര്‍ത്തിയില്‍ നേപ്പാള്‍ സൈന്യം പോസ്റ്റുകള്‍ സ്ഥാപിച്ചത്. അതേസമയം ഇന്ത്യയുടെ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേക്ക് നേപ്പാള്‍ സൈന്യത്തിന്റെ ജനറല്‍ സ്ഥാനം ആദര സൂചകമായി നല്‍കുന്നതും ചൈനയെ ഞെട്ടിച്ചിട്ടുണ്ട്.
നേരത്തെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ നേപ്പാള്‍ തീരുമാനിച്ചിരുന്നു. ചിലയിടങ്ങളില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേപ്പാളീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നതോടെ പലയിടങ്ങളിലും പോസ്റ്റുകള്‍ പൊളിച്ചു മാറ്റിയിരുന്നു. ഇന്ത്യയെ വെറുപ്പിച്ച് ചൈനയ്ക്കൊപ്പം നില്‍ക്കാനുള്ള ശര്‍മ്മ ഒലി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു പോസ്റ്റുകള്‍ പൊളിച്ച് മാറ്റിയത്.
Post Your Comments