ആറാം ക്ലാസിൽ തന്റെ സ്വപ്നമായിരുന്ന റെയ്നോൾഡിന്റെ പേന ഗൾഫിലുള്ള അച്ചനോട് പറഞ്ഞ് എനിക്കായി അവൻ കാത്തുവച്ചെങ്കിലും അത് തരാൻ അന്നത്തെ ആറാം ക്ലാസുകാരനായ ദീപക് എന്ന കൂട്ടുകാരൻ കാത്തു നിന്നില്ല.
ഏറെ നാളുകൾക്ക് ശേഷം അവനെ കണ്ടത് പത്രത്തിലെ ചരമ കോളത്തിലാണ്, ഒരു പേന വേണമെന്ന് ജീവിതത്തിൽ ആശിച്ചപ്പോൾ കൈ നിറയെ പേനകൾ സമ്മാനിച്ച് മരണത്തിലേക്ക് നടന്നുപോയ പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുകയാണ്.
ബിനേഷ് എന്ന യുവാവാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മോൻ എടുത്തോ ഇനി ഈ പേന കൊണ്ട് എഴുതാൻ വീട്ടിൽ വേറെ ആരുമില്ല, അത് വാങ്ങുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു , അവന്റെ കൈ കൊണ്ട് കിട്ടണം എന്ന് ഞാൻ ആഗ്രഹിച്ച പേന തരാൻ അവനുണ്ടായില്ലല്ലോ എന്നോർത്ത് അവന്റെ അച്ഛനോടും അമ്മയോടും വിട പറഞ്ഞ് നിറകണ്ണുകളോടെ ക്ലാസ് റൂമിലേക്ക് തിരിച്ചു നടന്നു, എന്നിട്ട് അവനിരുന്നിരുന്ന ബെഞ്ചിലെ ഒഴിഞ്ഞ സ്ഥലത്ത് അവന്റെ റെയ്നോൾഡ്സ് പേന കൊണ്ട് ഇങ്ങനെ എഴുതിയിട്ടു……”give and take എന്ന് ഞാൻ എന്റെ ചെറിയ മനസ്സിൽ തമാശക്ക് ആഗ്രഹിച്ചപ്പോൾ, നിന്റെ പേന മുഴുവനും എനിക്ക് തന്നിട്ട്, ദൈവം നിന്നെയങ്ങ് എടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സുഹൃത്തേ”…. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകൾക്കും, “ഒരു പേന” മാത്രമൊഴിച്ച് ബാക്കിയുള്ള അവന്റെ റെയ്നോൾഡ്സിന്റെ പേനകളെല്ലാം ഞാൻ ഉപയോഗിച്ച് തീർത്തു എന്നാണ് ബിനീഷ് ജോയ് കുറിപ്പിലൂടെ പറയുന്നത്.
കുറിപ്പ് വായിക്കാം…..
എന്റെ എഴുത്ത് ( മഷി തീർക്കാതെ സൂക്ഷിച്ച പേന )
അഞ്ചാം ക്ലാസ്സ് മുതലാണ് പേന ഉപയോഗിച്ച് നോട്ട് ബുക്കിൽ എഴുതാൻ തുടങ്ങിയത്, നാലാം ക്ലാസ്സ് വരെ റൂൾ പെൻസിലിൽ തുപ്പലം തൊട്ട് എഴുതി എഴുതി മടുത്ത എനിക്ക് ഇനി മുതൽ പേന കൊണ്ട് എഴുതാമല്ലോ എന്നോർത്തുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല, അന്നൊക്കെ റെയ്നോൾഡ്സിന്റെ പേന കൊണ്ട് തൊട്ടടുത്ത് ഇരിക്കുന്ന ചില കുട്ടികളൊക്കെ ക്ലാസ്സിൽ ടീച്ചർ പറയുന്ന പാഠങ്ങൾ എഴുതിയെടുക്കുമ്പോൾ ഞാൻ മാത്രം കാര്യമായിട്ട് ആ പേനയുടെ സൂഷ്മ ചലനത്തിലേക്ക് ശ്രദ്ദിക്കും, ചെവിക്ക് കേൾക്കാൻ സുഖമുള്ള ഒരു തരം നേർത്ത ശബ്ദം, ആ പേന കൊണ്ട് എഴുതുന്നവർ വളരെ ആസ്വദിച്ചാണ് ഓരോ വാക്കും എഴുതുന്നത്, തുമ്പ് വേഗം പൊട്ടിപ്പോകുന്ന ഉള്ളിൽ സ്പ്രിങ്ങുള്ള പക്കാ ലോക്കൽ പേനയാണ് ഞാൻ അന്ന് ഉപയോഗിച്ചിരുന്നത്, ബുക്കിൽ എന്തെങ്കിലും എഴുതി കൊണ്ടിരിക്കുമ്പോൾ പേനയുടെ തുമ്പ് ഷാപ്പിൽ നിന്നും ചാരായം അടിച്ചു കേറ്റിയ ചേട്ടന്മാർ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആടി പോകുന്ന പോലെ, ഓരോരോ അക്ഷരം എഴുതുമ്പോഴും പേനയുടെ ട്യൂബ് ഇങ്ങനെ ആടിക്കൊണ്ടിരിക്കും , അവസാനം പേന എറിഞ്ഞു കളഞ്ഞ് ട്യൂബ് കൊണ്ട് മാത്രമാകും എഴുത്ത് *
റെയ്നോൾഡ്സിന്റെ പേന സത്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം വാങ്ങിക്കാൻ അന്നത്തെ സാമ്പത്തിക സ്ഥിതി അനുവദിച്ചിരുന്നില്ല, കാരണം ട്യൂബിന് വില കൂടുതൽ ആണ്, അതു പോലെ പെട്ടെന്ന് മഷി തീർന്നു പോകും, ക്ലാസ്സിലെ നോട്ട്സും പിന്നെ സാറുമ്മാര് തരുന്ന ഇമ്പോസിഷൻ അടക്കം എഴുതണമെങ്കിൽ ആഴ്ചയിൽ മൂന്ന് ട്യൂബ് വേണ്ടി വരും , അന്നത്തെ കാലത്ത് ക്ലാസ്സിലെ ഏതെങ്കിലും സഹപാഠി അത്യാവശ്യം സാമ്പത്തികം ഉള്ളവൻ ആണോ എന്ന് ഞാൻ മനസ്സിലാക്കുന്നത് അവന്റെ പോക്കറ്റിലെ ഒറിജിനൽ റെയ്നോൾഡ്സിന്റെ പേന നോക്കിയാണ് , സ്ഥിരമായി റെയ്നോൾഡ്സ് പേന ആണ് ഉപയോഗിക്കുന്നതെങ്കിൽ എന്റെ കണക്കുകൂട്ടലിൽ അവൻ കാശുകാരൻ തന്നെ, അതുപോലെ ഉച്ചക്ക് ചോറിന്റെ കറിയുടെ കൂടെ എന്നും മുട്ട പുഴുങ്ങിയത് കൊണ്ട് വരുന്നവനും കാശുകാരൻ തന്നെ**
ആറാം ക്ലാസ്സിലേക്ക് ജയിച്ച് ആദ്യത്തെ ദിവസം ക്ലാസ്സ് റൂമിലേക്ക് കടക്കുമ്പോൾ എന്റെ കണ്ണ് ആദ്യം പരതിയത് റെയ്നോൾഡ്സിന്റെ പേന പോക്കറ്റിൽ ഉള്ള സുഹൃത്തുക്കളെ ആയിരുന്നു, പൊക്കം കൂടുതൽ ഉള്ളത് കൊണ്ട് എന്റെ സ്ഥാനം എന്നും ബാക്ക് ബെഞ്ചിൽ ആയിരുന്നു , അതുകൊണ്ട് ബാക്കിലെ ബെഞ്ചിൽ ഏതെങ്കിലും റെയ്നോൾഡ്സ്കാരൻ ഉണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കിയത്, കാരണം വേറൊന്നുമല്ല, റെയ്നോൾഡ് പേന കൊണ്ട് ആരെങ്കിലും എഴുതുന്നത് ഏറ്റവും അടുത്തിരുന്ന് നിരീക്ഷിക്കണം അത്രേയുള്ളൂ ഉദ്ദേശം, അത് അന്നത്തെ ഒരു തരം ഭ്രാന്ത്…ക്ലാസ്സ് തുടങ്ങി ഒരു ജൂൺ പതിനജ്ജ് ആയപ്പോൾ ഒരു ഗൾഫുകാരന്റെ മകൻ തൃശ്ശൂരിലെ ഒരു സ്കൂളിൽ നിന്നും കുറ്റീം പറിച്ച് എന്റെ ക്ലാസ്സിലേക്ക് കടന്നു വന്നു, അവൻ ക്ലാസ്സ് റൂമിലേക്ക് കടന്ന വഴി പോക്കറ്റിൽ ഞാൻ അത് കണ്ടു റെയ്നോൾഡിന്റെ പേന, അവനും പൊക്കം കൂടുതൽ ഉള്ളത് കൊണ്ട് സാറ് നിർദേശിച്ചത് പ്രകാരം എന്റെ വലത് വശത്ത് വന്ന് പുള്ളിക്കാരൻ ഇരുന്നു, എനിക്ക് സന്തോഷമായി എന്റെ ഇടതു സൈഡിലും വലതു സൈഡിലും റെയ്നോൾഡ്സ് പേന ഉപയോഗിക്കുന്നവർ*
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവനുമായി കമ്പനിയായി , അങ്ങനെ വൈകാതെ വലിയൊരു സത്യം അവന്റെ വായിൽ നിന്ന് തന്നെ ഞാൻ അറിഞ്ഞു, അവന്റെ വീട്ടിൽ ഈ വർഷം മുഴുവനും ഉപയോഗിക്കാനുള്ള റെയ്നോൾഡ്സിന്റെ പേന അവന് ഗൾഫുകാരൻ അച്ഛൻ വാങ്ങി കൊടുത്തിട്ടുണ്ടത്രെ, ഇത് കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു ആഗ്രഹം, ഞാൻ ചോദിക്കാതെ തന്നെ മനസറിഞ്ഞ് ഇവൻ എനിക്ക് ഒരു റെയ്നോൾഡ്സിന്റെ പേന തന്നിരുന്നെങ്കിൽ ദൈവമേ, അതിന് ഇനി എന്ത് ചെയ്യും എന്നായി എന്റെ ചെറിയ മനസ്സിലെ ചിന്ത, അവന് ഇല്ലാത്തത് ഞാൻ കൊടുത്താൽ എനിക്കില്ലാത്തത് അവൻ എനിക്ക് തരും , ഒരു give and take policy, പക്ഷേ ഇവന് ഞാൻ എന്ത് കൊടുക്കും, ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല , ഇവന് കുറച്ച് സ്നേഹം വാരി കോരി കൊടുത്താലോ ?, ഏയ് അത് ശെരിയാകില്ല, സ്നേഹം എത്ര വാരി കോരി കൊടുത്താലും ഇവൻ എനിക്ക് പേന തരില്ല, വല്ല പെൺകുട്ടികളും ആണ് സ്നേഹം കൊടുക്കുന്നതെങ്കിൽ ഇവൻ എത്ര പേന വേണമെങ്കിലും കൊടുത്തേനെ, ഞാൻ ആണായി ജനിച്ചു പോയില്ലേ ??**
ദിവസങ്ങൾ കുറച്ചങ്ങനെ കടന്നു പോയപ്പോൾ, ഒരു തിങ്കളാഴ്ച അവനെ ക്ലാസ്സിൽ കണ്ടില്ല, അങ്ങനെ രണ്ടു മൂന്ന് ദിവസം അടുപ്പിച്ച് അവനെ ക്ലാസ്സിൽ കാണാതായപ്പോൾ അവന് എന്തെങ്കിലും അസുഖം ആയിരിക്കുമോ എന്ന് എനിക്ക് സംശയമായി, ഒരു ദിവസം ക്ലാസ്സിൽ നിന്ന് വീട്ടിൽ വന്ന വഴി അയൽപക്കത്തെ വീട്ടിലെ ചേട്ടന്റെ സൈക്കിൾ വാങ്ങി ഒരു വിധത്തിൽ അവൻ താമസിക്കുന്ന വാടക വീട് അന്വേഷിച്ച് കണ്ട് പിടിച്ച് അവസാനം അവന്റെ വീടിന്റെ മുൻപിൽ എത്തി, കോളിങ് ബെൽ അടിച്ചപ്പോൾ അവന്റെ ‘അമ്മ വാതിൽ തുറന്നു , ചേച്ചി ദീപക് എന്താ ക്ലാസ്സിൽ വരാത്തത് ഞാൻ ക്ലാസ്സിൽ അവന്റെ തൊട്ടടുത്ത് ആണ് ഇരിക്കുന്നത്, എന്താണെന്നറിയാൻ വന്നതാണ് ? ‘അമ്മ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും, ദീപക് വാതിലിന്റെ അടുത്തേക്ക് വന്നു, അവനെ കണ്ട വഴി എനിക്ക് എല്ലാം പിടികിട്ടി, ഞാൻ ചോദിച്ചു, ചിക്കൻ പോക്സ് ആയിരുന്നു അല്ലേ? അതേടാ ഇനി ഒരു മാസം പോക്കാണ് , നിന്നെ വീടിന്റെ അകത്തേക്ക് വിളിക്കുന്നില്ല, നിനക്കും പണി കിട്ടും, അത് സാരമില്ല, ആര്യവേപ്പിന്റെ ഇല വേണോ നിനക്ക്, കിടക്കുന്ന കട്ടിലിൽ ഇടാൻ ? കിട്ടിയാൽ നന്നായിരുന്നു ഞങ്ങൾക്ക് ഇവിടെ ആരെയും പരിചയം ഇല്ല, ഏതെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ പോയി പറിച്ചോളാo മോനെ, എന്ന് അവന്റെ ‘അമ്മ പറഞ്ഞു, അതുവേണ്ട ഞാൻ കൊണ്ടു തരാം അമ്മേ… ***
അങ്ങനെ ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വീടിന്റെ അടുത്തുള്ള ഹോമിയോ ഡോക്ടറുടെ പറമ്പിൽ നിന്നും ആര്യവേപ്പിന്റെ ഇല പറിച്ച് അവന് കൊണ്ടുപോയി കൊടുത്തു, കൂടാതെ അതാത് ദിവസത്തെ ക്ലാസ്സിലെ നോട്ട്സും, അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു, ഡാ എന്റെ അച്ഛൻ രണ്ടാഴ്ച കഴിയുമ്പോൾ ഗൾഫിൽ നിന്നും വരും, നിനക്കും കൂടി ഒരു ഫുൾ പ്ലാസ്റ്റിക് ഡബ്ബി റെയ്നോൾഡ്സ് പേന കൂടുതൽ കൊണ്ടു വരാൻ ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്, നിനക്ക് സന്തോഷമായില്ലേ? ഞാൻ ചിരിച്ചു കൊണ്ട് അവനെ നോക്കി തലയാട്ടി ഇലയും കൊടുത്ത് തിരിച്ചു പോയി…ഒരു രണ്ടാഴ്ച കഴിഞ്ഞു, പതിവുപോലെ ആര്യ വേപ്പിന്റെ ഇലയുമായി അവന്റെ വീട്ടിലെത്തിയപ്പോൾ, വീട് പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്, ദീപക്കും, അമ്മയും എവിടെപ്പോയെന്ന് തൊട്ടപ്പുറത്തുള്ള ഇവർക്ക് വീട് വാടകക്ക് കൊടുത്തിരുന്ന വീട്ടിലെ ചേട്ടനോട് പോയി ചോദിച്ചു, മോനെ ആ പയ്യന് രാത്രി പനി കൂടി, പിന്നെ ടാക്സി വിളിച്ച് അവര് ത്രിശൂര് ഏതോ ആശുപത്രിയിലേക്ക് കൊണ്ടു പോയി **
അതിനു ശേഷം ഒരു മാസത്തോളം അവൻ ക്ലാസ്സിൽ വന്നില്ല, വീണ്ടും ഇടക്ക് ഒരു ദിവസം വാടക വീടിന്റെ മുതലാളിയുടെ വീട്ടിൽ പോയി ചോദിച്ചപ്പോൾ അവര് പറഞ്ഞു, ആ പയ്യന് മഞ്ഞപ്പിത്തം ആണെന്ന് പറഞ്ഞ് അവന്റെ ‘അമ്മ ഇവിടുത്തെ ലാൻഡ് ഫോണിൽ വിളിച്ചിട്ടുണ്ടായിരുന്നു, എന്ന് പറഞ്ഞു, വീണ്ടും നിരാശയോടെ ഞാൻ അവിടെ നിന്നു മടങ്ങി…. വീടിന്റെ അടുത്ത് മനോരമ പേപ്പർ വരുത്തുന്ന ഒരു വീടുണ്ട്, എന്റെ വീട് കഴിഞ്ഞിട്ടാണ് അവരുടെ വീട്, അതുകൊണ്ട് എന്നും പേപ്പറുകാരൻ വരുമ്പോൾ രാവിലെ തന്നെ ഞാൻ റോഡിൽ നിന്ന് കൈകാട്ടി പുള്ളിക്കാരന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങിയിട്ട് പേപ്പർ കൊടുക്കേണ്ട വീട് വരെ നടന്ന് ഇങ്ങനെ വായിക്കുന്ന ഒരു പതിവുണ്ട്, അങ്ങനെ ഒരു ഞായറാഴ്ച്ചത്തെ പേപ്പർ വായിക്കുമ്പോൾ എന്നെ ദുഃഖത്തിൽ ആഴ്ത്തുന്ന ഒരു വാർത്ത ചരമകോളത്തിൽ എനിക്ക് കാണേണ്ടി വന്നു, ദീപക് 11 വയസ്സ് മഞ്ഞപിത്തം ബാധിച്ചു മരിച്ചു, സംസ്കാരം തിങ്കളാഴ്ച, അതിൽ അവന്റെ ചിത്രവും ഉണ്ടായിരുന്നു, ഏതാനും സാറുമാരും ടീച്ചർമാരും തിങ്കളാഴ്ച തന്നെ പോയി സംസ്കാരത്തിൽ പങ്കെടുത്തു, എന്റെ അന്നത്തെ പ്രായത്തിന്റെ അവസ്ഥ കൊണ്ട് എനിക്ക് പോകാൻ സാധിച്ചില്ല. അവനിരുന്ന ബെഞ്ചിലെ സ്ഥലം എന്നും ഒഴിഞ്ഞു തന്നെ കിടന്നു***
വീണ്ടും ഒരു മാസം കഴിഞ്ഞു കാണും, ക്ലാസ് നടക്കുന്നതിനിടയിൽ എന്നെ ക്ലാസ് ടീച്ചർ വന്നു വിളിച്ചു, ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു, നടന്ന് ഓഫീസ് റൂമിന് മുന്നിൽ എത്തിയപ്പോൾ ദീപക്കിന്റെ അമ്മയും അച്ഛനും അവിടെ നിൽപ്പുണ്ടായിരുന്നു, എന്നെ കണ്ട വഴി ഞാൻ അവന് കൊടുത്ത എന്റെ രണ്ട് നോട്ടു ബുക്കും അതിന് മുകളിൽ രണ്ട് പ്ലാസ്റ്റിക് ഡബ്ബി നിറയെ റെയ്നോൾഡ്സിന്റെ പേനയും എന്റെ നേരെ നീട്ടിക്കൊണ്ട് അവന്റെ അമ്മ പറഞ്ഞു, ഞങ്ങൾ സാധനങ്ങൾ എല്ലാം എടുത്ത് വാടക വീട് ഒഴിയാൻ വന്നതാണ്, ഇതിലെ ഒരു ഡബ്ബി പേന അവൻ പറഞ്ഞിട്ട് മോന് വേണ്ടി അവന്റെ അച്ഛൻ കൊണ്ട് വന്നതാണ്, മറ്റേതും കൂടി മോൻ എടുത്തോ ഇനി ഈ പേന കൊണ്ട് എഴുതാൻ വീട്ടിൽ വേറെ ആരുമില്ല, അത് വാങ്ങുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു , അവന്റെ കൈ കൊണ്ട് കിട്ടണം എന്ന് ഞാൻ ആഗ്രഹിച്ച പേന തരാൻ അവനുണ്ടായില്ലല്ലോ എന്നോർത്ത് അവന്റെ അച്ഛനോടും അമ്മയോടും വിട പറഞ്ഞ് നിറകണ്ണുകളോടെ ക്ലാസ് റൂമിലേക്ക് തിരിച്ചു നടന്നു, എന്നിട്ട് അവനിരുന്നിരുന്ന ബെഞ്ചിലെ ഒഴിഞ്ഞ സ്ഥലത്ത് അവന്റെ റെയ്നോൾഡ്സ് പേന കൊണ്ട് ഇങ്ങനെ എഴുതിയിട്ടു……”give and take എന്ന് ഞാൻ എന്റെ ചെറിയ മനസ്സിൽ തമാശക്ക് ആഗ്രഹിച്ചപ്പോൾ, നിന്റെ പേന മുഴുവനും എനിക്ക് തന്നിട്ട്, ദൈവം നിന്നെയങ്ങ് എടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സുഹൃത്തേ”…. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകൾക്കും, “ഒരു പേന” മാത്രമൊഴിച്ച് ബാക്കിയുള്ള അവന്റെ റെയ്നോൾഡ്സിന്റെ പേനകളെല്ലാം ഞാൻ ഉപയോഗിച്ച് തീർത്തു ****
” ഒരിക്കലും മായാത്ത മഷിക്കറ പോലെ, മനസ്സിൽ നിന്ന് നീയും മായാതിരിക്കാൻ, മറക്കാതെ, മഷി തീർക്കാതെ, ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട് സുഹൃത്തേ, ആ പഴയ റെയ്നോൾഡ്സിന്റെ ഒരു പേന ???”
കടപ്പാട്; ബിനീഷ് ജോയ്
Post Your Comments