കണ്ണൂർ: അടുത്തിടെയാണ് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായി മരണത്തിന് കീഴടങ്ങിയത്. അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന പാൻക്രിയാറ്റിക് കാൻസറാണ് കോടിയേരിക്ക് പിടിപെട്ടത്. കോടിയേരിയുടെ വേർപാടിന് പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാര്യ വിനോദിനി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹത്തിന്റെ കാണാച്ചരട് കൊണ്ട് കൂട്ടികെട്ടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് വിനോദിനി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു വിനോദിനി.
‘ആറു മക്കളിൽ രണ്ടാമത്തെ ആളായിരുന്നു ഞാൻ. കോടിയേരിയ്ക്ക് നാലു ചേച്ചിമാരാണ് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞ് മക്കളുണ്ടായ ശേഷമാണ് അമ്മ കോടിയേരിയെ പ്രസവിച്ചത്. തങ്ങളുടെ വിവാഹത്തിന് ജാതകപ്പൊരുത്തമൊന്നും നോക്കിയിരുന്നില്ല. അച്ഛൻ വിളിച്ചാണ് വിവാഹ തീയതി പറയുന്നത്. തുടർന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിൽ വരികയായിരുന്നു. വിവാഹം കഴിഞ്ഞ അന്ന് തന്നെ പാർട്ടി സമ്മേളനത്തിനു പോയി.
ഉറക്കമിളച്ച് കാത്തിരുന്നപ്പോൾ ചേച്ചിയാണ് ഇന്നിനി വരുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞത്. ഉറങ്ങിക്കോ എന്നും പറഞ്ഞു. അമ്മയാണ് അന്ന് കൂട്ടുകിടന്നത്. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ കോടിയേരി വീട്ടിലെത്തി. അന്ന് വൈകീട്ട് തലശേരിയിൽ ടാക്കീസിൽ പോയി നവവരനൊപ്പം ‘അങ്ങാടി’ സിനിമ കണ്ടു. രണ്ട് മക്കൾ പിറന്ന ശേഷമാണ് പുതിയ വീട് വച്ച് താമസം മാറുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമായിരുന്നു ഇത്. ഒരു മുറിയും ഹാളും അടുക്കളയുമുള്ള വീടായിരുന്നു നിർമ്മിച്ചത്. അന്ന് മൂത്ത മകൻ ബിനോയിക്ക് മൂന്നര വയസും ബിനീഷിന് ഒരു വയസ് പൂർത്തിയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മക്കൾ വളരുന്നതിനനുസരിച്ച് ഈ വീടും വളരുകയായിരുന്നു’, വിനോദിനി പറയുന്നു.
ബിനീഷിന്റെയും ബിനോയിയുടെയും വിവാഹത്തെ കുറിച്ചും, ഇരുവർക്കും കുട്ടികൾ ഉണ്ടായതിനെ കുറിച്ചും വിനോദിനി മനസ് തുറക്കുന്നുണ്ട്. ‘ഏട്ടൻ ആഭ്യന്തരമന്ത്രിയായ കാലത്താണ് ബിനോയിയുടെ വിവാഹം. അന്ന് അഖില എം,ബി.ബി.എസിന് പഠിക്കുകയാണ്. ബിനീഷിന് വേണ്ടി ആലോചിച്ചപ്പോൾ റിനീറ്റ (ചക്കു) ബികോം പാസായി നീക്കുകയായിരുന്നു. പഠിക്കാനും ജോലിക്ക് പോകാനും അവളെ നിർബന്ധിച്ചെങ്കിലും അച്ഛനെയും അമ്മയെയും ബിനീഷേട്ടനെയും കുഞ്ഞുങ്ങളെയും നോക്കി വീട്ടിലിരിക്കാനാണ് ഇഷ്ടം എന്നായിരുന്നു അവൾ പറഞ്ഞത്. രണ്ട് മരുമക്കളും ഒരേ സമയത്താണ് ഗർഭിണിയായത്. ഒരേ ദിവസമാണ് രണ്ട് കൊച്ചുമക്കളും ഉണ്ടായത്’, വിനോദിനി പറയുന്നു.
Post Your Comments