സാധാരണയായി മൃതചർമങ്ങളും സ്വാഭാവിക എണ്ണമയവുമാണ് ചർമത്തിന്റെ ഏറ്റവും മുകളിലുള്ള പാളികളിലുണ്ടാവുക. അതാണ് ചർമത്തെ വളരെ മൃദുവായി നിലനിർത്താൻ സഹായിക്കുന്നത്. പക്ഷേ ചർമത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയിൽ ജലാംശമില്ലെങ്കിൽ ചർമം വരണ്ടതാകാൻ സാധ്യതയുണ്ട്. ചർമം വരളാനുള്ള മറ്റുള്ള കാരണങ്ങൾ ഇവയാണ്:-
1. സുഗന്ധമുള്ള സൗന്ദര്യ ഉത്പന്നങ്ങൾ
ശരീരത്തിന് സുഗന്ധം പകരാൻ നമ്മളുപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളും ചർമത്തിന് അലർജിയുണ്ടാക്കുന്നവയാണ്. ചർമവീക്കം, ചൊറിച്ചിൽ അങ്ങനെ പല അസ്വസ്ഥതകളും ഇതുണ്ടാക്കും. അത്തരം അലർജികൾ ചർമത്തെ വരണ്ടതാക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ കടുത്ത മണമുള്ള ഡിയോഡറന്റുകൾ, പെർഫ്യൂമുകൾ മുതലായവ ചർമവുമായി നേരിട്ടു സമ്പർക്കത്തിൽ വരുന്ന സാഹചര്യമൊഴിവാക്കുക.
2. സോപ്പിന്റെയും ഷാംപുവിന്റെയും അമിത ഉപയോഗം
കുളിക്കാനുപയോഗിക്കുന്ന ചില സോപ്പുകൾ, ഷാംപു, അലക്കാനുപയോഗിക്കുന്ന സോപ്പുപൊടികൾ എന്നിവ ശരീരത്തിലും തലയോട്ടിയിലും പലവിധത്തിലുള്ള അലർജികൾക്ക് കാരണമാകാറുണ്ട്. എണ്ണമയത്തെ വലിച്ചെടുക്കാനുള്ള ശേഷി അവയ്ക്കുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ഫെയ്സ്വാഷുകൾ, അലക്കാനുള്ള സോപ്പുപൊടി, കുളിക്കാനുള്ള ബോഡിവാഷുകൾ തുടങ്ങിയവ തിരഞ്ഞെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം.
3. ജനിതകപരമായ കാരണങ്ങൾ
ചിലരുടെ ചർമം വരണ്ടതാകാനുള്ള കാരണം ജനിതകപരമായിരിക്കും. ജനസംഖ്യയിൽ പത്തു ശതമാനത്തിലധികം പേരും വരണ്ട ചർമത്താൽ ദുരിതമനുഭവിക്കുന്നവരാണ്. എക്സിമ പോലെയുള്ള ചർമരോഗത്തിലേക്ക് പലപ്പോഴും നയിക്കുന്നത് വരണ്ട ചർമമാണ്. വരണ്ട ചർമമുള്ളവർ നിങ്ങളുടെ കുടുംബത്തിലുണ്ടെങ്കിൽ എല്ലാവരും തന്നെ മോയിസ്ചറൈസിങ് ക്രീമുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
4. കട്ടിയുള്ള വെള്ളം
കാൽസ്യം, മഗ്നീഷ്യം പോലെയുള്ള ധാതുക്കൾ കൂടുതലായടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് ചർമം വരളാൻ കാരണമാകാം. ഇത് ചർമത്തിനുമേൽ ഒരു പാളി സൃഷ്ടിക്കുന്നതിനാൽ അത് ചർമം വരണ്ടതാകാൻ കാരണമാകുന്നു. ജലശുദ്ധീകരണ സംവിധാനം വീട്ടിലുണ്ടായാൽ ഈ സ്ഥിതി ഒഴിവാക്കാം. അതുകൂടാതെ വിറ്റാമിൻ എ, സി തുടങ്ങിയവ അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം.
5. ദീർഘനേരം ചൂടുവെള്ളത്തിലുള്ള കുളി
ചൂടുവെള്ളം വീഴുന്ന ഷവറിനു താഴെനിന്ന് ദീർഘസമയമെടുത്തു കുളിച്ചാൽ അത് തീർച്ചയായും ചർമം വരളാൻ കാരണമാകും. പ്രത്യേകിച്ചും നല്ല തണുപ്പുള്ള കാലാവസ്ഥയിൽ. അത് പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും.
Post Your Comments