ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ സവർണജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 19കാരിയായ ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ എത്തിയ രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയുടെ വീട്ടിലേക്ക് കാൽനടയായി സഞ്ചരിക്കുന്നതിനിടെയാണ് ഇരുവരെയും കരുതൽ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇവരെ പൊലീസ് വഴിയിൽ തടഞ്ഞിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാൽ അങ്ങോട്ടേക്ക് പോകാനാവില്ലെന്നും പറഞ്ഞുകൊണ്ടാണ് ഇരുവരുടെയും വാഹനങ്ങൾ പൊലീസ് തടഞ്ഞത്.
എന്നാൽ ഇരുവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാൽനടയായി മുന്നോട്ടു നീങ്ങി. തുടർന്നും തടയാൻ ശ്രമിച്ചതോടെ പൊലീസും രാഹുലുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. അതോടെ പൊലീസ് പിൻവാങ്ങി. തുടർന്ന് ഇരുവരും കാൽനടയായി പെൺകുട്ടിയുടെ ഗ്രാമത്തിലേക്കുളള യാത്ര തുടരുന്നതിനിടെയാണ് ഇരുവരെയുംപൊലീസ് കസ്റ്റഡിയിലെടുത്ത്. ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നാണ് പെൺകുട്ടിയുടെ ഗ്രാമമായ ബൂൽഗാർഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചത്. മാധ്യമങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദർശനത്തിന് തടസമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദർശനം തടയുകയാണ് ലക്ഷ്യമെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Post Your Comments