ചെന്നൈ: മറ്റുള്ളവരോട് സഹായം ചോദിക്കാനുള്ള അമ്മയുടെ വിസമ്മതം കൊണ്ടെത്തിട്ടത് ഏഴ് വയസുകാരന്റെ മരണത്തിലേക്ക്. ചെന്നൈ തിരുനിന്ദ്രവുര്‍ സ്വദേശിയായ സാമുവല്‍ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ഭക്ഷണമില്ലാതിരുന്നിട്ട് കൂടി കുട്ടിയുടെ അമ്മ സരസ്വതി ആരെയും അറിയിച്ചിരുന്നില്ല. ഉറുമ്പുകള്‍ മൃതദേഹത്തിലേക്ക് വരാതിരിക്കാനും പ്രാണികള്‍ കടക്കാതിരിക്കാനും ആ സ്ത്രീ മകന്റെ മൃതദേഹം തുടര്‍ച്ചയായി തുടച്ചിരുന്നു. മൂന്നു ദിവസത്തോളമാണ് അമ്മ മൃതദേഹത്തൊടൊപ്പം കഴിച്ചു കൂട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് സാമുവലിന്റെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ദിവസങ്ങളോളം വിശന്നിരുന്നാണ് കുഞ്ഞ് സാമുവല്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് അമ്മ തന്നെയാണ് വാതില്‍ തുറന്നു കൊടുത്ത് കുട്ടിയുടെ അടുത്തേക്ക് കൊണ്ടു പോയത്. താന്‍ മകന്റെ അരികില്‍ തന്നെയിരിക്കുകയായിരുന്നു എന്നാണ് സരസ്വതി പൊലീസിനോട് പറഞ്ഞത്. കാണാനായത് അഴുകിത്തുടങ്ങിയ കുഞ്ഞിന്റെ ശരീരവും അതിനരികില്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്ന സരസ്വതിയെയും ആണ്. തുടര്‍ന്ന് സാമുവലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പിന്നീട് സാമുവല്‍ പട്ടിണി മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
7 വര്‍ഷമായി ഭര്‍ത്താവ് ജോണില്‍ നിന്ന് അകന്നു കഴിയുന്ന ഇവര്‍ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നും മകനോടൊപ്പം ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. സിറ്റിഎച്ച് റോഡിലെ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിലാണ് സരസ്വതിയും മകനും കഴിഞ്ഞിരുന്നത്. അമ്മായി അച്ഛന് അടക്കം ഇവരുടെ ബന്ധുക്കള്‍ താഴത്തെ നിലയിലുണ്ടായിരുന്നുവെങ്കിലും ആരുമായും ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ബന്ധുക്കള്‍ വല്ലപ്പോഴും സരസ്വതിയെയും മകനെയും കാണാനെത്തുമായിരുന്നു. നാല് മാസത്തിന് മുമ്പ് സരസ്വതിയെയും മകനെയും വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നുവെന്നും അന്ന് അവരുടെ ചികിത്സയ്ക്കായി ബന്ധുക്കള്‍ ഒന്നരലക്ഷത്തോളം രൂപ ചിലവഴിച്ചുവെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, സ്ത്രീ വീടിനകത്ത് തന്നെ കഴിയുകയും കൂടുതല്‍ പുറത്തിറങ്ങിയിരുന്നില്ലെന്നും അപൂര്‍വമായി മാത്രമേ പുറത്തിറങ്ങാറുള്ളായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഹോമിയോപ്പതി ചികിത്സ നടത്തിവരികയായിരുന്ന ഇവര്‍ക്ക് കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. ലോക്ക്ഡൗണ്‍ അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മകനെ നോക്കാനുള്ള പണം പോലും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ബെംഗളൂരുവില്‍ കഴിയുന്ന സഹോദരനുമായി വസ്തുവകകള്‍ക്കായി നീണ്ട നിയമപോരാട്ടവും നടത്തിയിരുന്നു, പൊലീസ് പറയുന്നു. സരസ്വതിക്ക് വിദഗ്ധരുടെ സഹായത്തോടെ കൗണ്‍സിലിംഗ് നല്‍കാനാണ് നിലവില്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments