ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ഥന നേരുകയാണ് സംഗീത ലോകം. # spbalasubramaniyam എന്ന ഹാഷ്ടാഗ് തന്നെ ഇതിനായി സൃഷ്ടിച്ചിട്ടുണ്ട്.
കൊവിഡ് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ എസ് പി ബാലസുബ്രഹ്മണ്യം ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന് തന്‍റെ മനസ് പറയുന്നെന്ന് അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ ഇളയരാജ. എസ്‍പിബിയെ അഭിസംബോധന ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ‘ശീഘ്രമാ എഴുന്തു വാ ബാലൂ’ എന്നു തുടങ്ങുന്ന വീഡിയോ സന്ദേശത്തിലാണ് ഇളയരാജ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
‘ബാലൂ… വേഗം എഴുന്നേറ്റ് വാടാ. നിനക്കായി കരാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയില്‍ അവസാനിക്കുന്നതല്ല. സിനിമയില്‍ ആരംഭിച്ചതുമല്ല. നമ്മുടെ സൗഹൃദവും സംഗീതവും വിശ്വാസവുമെല്ലാം കച്ചേരികളില്‍ തുടങ്ങിയതാണ്. നമുക്കിടയില്‍ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്റെ മനസ് പറയുന്നു. നീ നിശ്ചയാമും തിരിച്ച് വരും ബാലൂ വേഗം വാ’ ഇളയരാജ വീഡിയോയില്‍ പറയുന്നു.
സിനിമയ്ക്ക് പുറത്തുനിന്ന് ആരംഭിക്കുന്നതാണ് ഇളയരാജയ്ക്കും എസ്‍പിബിയ്ക്കും ഇടയിലുള്ള സൗഹൃദം. എസ്‍പിബി സിനിമയില്‍ എത്തിയ കാലത്ത് ഒട്ടേറെ കച്ചേരികളും ഗാനമേളകളും നടത്തിയിരുന്നു. ആ വേദികളില്‍ ഹാര്‍മോണിയം വാദകനായാണ് ഇളയരാജ എത്തുന്നത്. പിന്നീട് ഇളയരാജ സിനിമയിലെത്തിയതിനു ശേഷം നിരവധി ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു.
സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ എല്ലാവരോടും ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. പ്രമുഖ നടന്‍മാരായ അജിത്, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി സിനിമാ ലോകത്തെ മിക്ക പ്രമുഖരും .# spbalasubramaniyam ഹാഷ്ടാഗില്‍ പങ്കെടുത്ത് എസ് പി ബാലസുബ്രഹ്മണ്യത്തിന് രോഗ ശാന്തി നേര്‍ന്ന് സന്ദേശങ്ങള്‍ പങ്കുവെച്ചു.
ഓഗസ്റ്റ് അഞ്ചിന് കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് പി ബാലസുബ്രഹ്മണ്യത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments