തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അന്വേഷണം പുരോഗമിക്കുന്നതിനിടെ, യു.എ.ഇ. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലി ഇന്ത്യ വിട്ടത് വിവാദമായിട്ടുണ്ട് .രണ്ടുദിവസം മുമ്പ് ഡല്‍ഹി വഴിയാണു ദുബായിലേക്കു മടങ്ങിയത്. അദ്ദേഹത്തെ ചോദ്യംചെയ്യണമെങ്കില്‍ നയതന്ത്രപരിരക്ഷ ഒഴിവാക്കി, യു.എ.ഇയുടെ അനുമതി വേണ്ടിവരും. എന്നാല്‍, അതിനു സാധ്യത കുറവാണെന്നു നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ സ്വര്‍ണക്കടത്തിലെ ‘നയതന്ത്ര’പങ്ക് അടഞ്ഞ അധ്യായമായേക്കും. കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്തും അറ്റാഷെയും തമ്മില്‍ ജൂെലെ മൂന്നിനും അഞ്ചിനും ഫോണ്‍ വിളി നടന്നതായി എന്‍.ഐ.എ. കണ്ടെത്തി. സ്വപ്‌നയെ ജൂണ്‍ ഒന്നുമുതല്‍ ഒരുമാസം 117 തവണയും ജൂെലെ 1-4 വരെ 35 തവണയും ജൂെലെ മൂന്നിന് 20 തവണയും അറ്റാഷെയും സ്വപ്നയും തമ്മില്‍ ഫോണ്‍വിളിച്ചു. കേസിലെ മൂന്നാംപ്രതി െഫെസല്‍ ഫരീദുമായും അറ്റാഷെയ്ക്ക് ഉറ്റസൗഹൃദമുണ്ടെന്നു സൂചനയുണ്ട്.
നയതന്ത്ര ബാഗേജ് കസ്റ്റഡിയിലെടുത്തപ്പോള്‍ അതു തുറക്കരുതെന്നാവശ്യപ്പെട്ട് അറ്റാഷെയില്‍നിന്ന് വന്‍സമ്മര്‍ദമുണ്ടായിരുന്നു. കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ അദ്ദേഹം പിന്നീടു സ്ഥലംവിട്ടു.നയതന്ത്ര ബാഗേജല്ലെന്നു യു.എ.ഇ. ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തതോടെ അറ്റാഷെ വെട്ടിലായിരുന്നു.യു.എ.ഇ. എംബസിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 14-നു തിരുവനന്തപുരത്തുനിന്നു ഡല്‍ഹിയിലെത്തിയ അറ്റാഷെ അവിടെനിന്നാണു ദുബായിലേക്കു മടങ്ങിയത്.
സ്വര്‍ണക്കടത്തില്‍ അറ്റാഷെയ്ക്കു പങ്കുണ്ടെന്നു പ്രതി സന്ദീപ് നായര്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. 30 കിലോഗ്രാം സ്വര്‍ണമടങ്ങിയ ബാഗേജ് അറ്റാഷെയുടെ പേരിലാണു ദുബായില്‍നിന്ന് എത്തിയത്. ഇതു കസ്റ്റംസ് പിടികൂടിയ അന്നുതന്നെ അറ്റാഷെ പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.
Post Your Comments