കൊച്ചി : കോടതിയും പൊലീസ് സ്റ്റേഷനും പാര്‍ട്ടി ആണെന്ന വിവാദ പ്രസ്താവന നടത്തിയ വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ട്രഷറര്‍ ബി.രാധാകൃഷ്ണ മേനോന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് പതിനായിരം രൂപ ചെലവ് ചുമത്തി കോടതി ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് എം. മണികുമാര്‍ ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റൊണ് ഉത്തരവ്.
‘പാര്‍ട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാര്‍ട്ടി അന്വേഷിച്ചാല്‍ മതിയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ കമ്മിഷന് അന്വേഷിക്കേണ്ടതില്ല’ എന്ന ജോസഫൈന്റ പ്രസ്താവന കമ്മിഷന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണന്നും പദവിയില്‍ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കഠിനംകുളം പീഡനകേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതികളാകുന്ന കേസില്‍ കമ്മീഷന്റെ നിസ്സംഗതയെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു ജോസഫൈന്റെ വിവാദ പരാമര്‍ശം.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജി കോടി നേരത്തെ തള്ളിയിരുന്നു. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുള്ളവര്‍ ഉചിതമായ ഫോറത്തെ ബന്ധപ്പെടട്ടെ എന്ന് പറഞ്ഞാണ് ലതികാ സുഭാഷിന്റെ ഹര്‍ജി കോടതി തള്ളിയത്.
Post Your Comments