കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷയില്‍ തൃപ്തി രേഖപ്പെടുത്തി ഇരയുടെ അമ്മ. ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നതെന്നും കോടതിയില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. വിധി കേട്ട് കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു അമ്മയുടെ പ്രതികരണം. എത്രയും വേഗം വിധി നടപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ വാക്കുകള്‍
‘നാളെ ആരുടെയും കഴുത്തില്‍ ഒരായുധം വെച്ച് മുറിക്കാനോ ഒരു കൊലപാതകം ഉണ്ടാകാനോ പാടില്ല. ഈ വിധി വരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഇത്രയും നാള്‍ കാത്തിരുന്നത്. എന്റെ മകള്‍ എത്ര വേദനകള്‍ സഹിച്ചു, ആ വേദന അവനും അനുഭവിക്കണം. തൂക്ക് കയര്‍ കിട്ടണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്. അത്ര ക്രൂരമായാണ് എന്റെ മകളെ അയാള്‍ ഉപദ്രവിച്ചത്. നാളെ ഒരു സ്ത്രീയുടെയും ഒരു കുഞ്ഞിന്റെയും ശരീരത്തില്‍ ഇങ്ങനെ ഒരു ക്രൂരത ആരും കാട്ടരുത് എന്ന ഓര്‍മ്മപ്പെടുത്തലാകട്ടെ ഈ വിധി. ഇതുപോലുള്ള വിധികള്‍ നാളെ നമ്മുടെ രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് കുറച്ചേക്കാന്‍ സഹായകമാകും. നീതി കിട്ടി. നമ്മുടെ കോടതിയെയും നിയമത്തെയും വിശ്വാസമുണ്ടായിരുന്നു. എന്റെ മകള്‍ മരിച്ചിട്ട് ഒന്‍പത് വര്‍ഷമായി. അതുകൊണ്ട് തന്നെ എത്രയും വേഗം വിധി നടപ്പാക്കണം എന്നാണ് ആഗ്രഹം’.
പ്രതി അമീറുള്‍ ഇസ്ലാമിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളികൊണ്ടാണ് വിധി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments