ഒരു മിണ്ടാപ്രാണിയുടെ ജീവൻ പിടിച്ചു നിറുത്താൻ കഴിഞ്ഞാൽ, അതുമൂലം ഒരു കുടുംബത്തിന് താങ്ങായാൽ അതല്ലേ ഭാഗ്യം. “ആറു മാസം ഗർഭിണിയായ സുന്ദരി ഹോൾസ്റ്റീൻ പശു കിടപ്പായിപ്പോയി ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയിട്ടും മൂന്ന് ദിവസം ശ്രമിച്ചിട്ടും പശു എണീറ്റില്ല”. ഒരു പശുവിന് സംഭവിച്ച ഒരു അസുഖാവസ്ഥയെക്കുറിച്ചും അതിനെ പരിപാലിക്കാർ ആ അമ്മയും മകനും കാണിച്ച ആർജവത്തെപറ്റിയും തുറന്നെഴുതുകയാണ് വെറ്റിനറി സർജനായ ജി. എസ് അരുൺ കുമാർ.
കുറിപ്പിന്റെ പൂർണ രൂപം ചുവടെ
വളർത്തുമൃഗങ്ങളെ രോഗാവസ്ഥയിൽ മനുഷ്യരോളം പരിപാലിക്കുമോ ?
ഞാൻ നിസംശയം പറയും അതെ എന്ന് …
പശു പരിപാലനം ഉപജീവനമാർഗമായി സ്വീകരിച്ച് വളരെ വർഷങ്ങളായി ജീവിച്ചു വരുന്ന ആളാണ് ശ്രീമതി. ഇന്ദിരാമ്മ, ആ അമ്മയെയും അമ്മയുടെ മകനെയും ഞാൻ പരിചയപ്പെട്ടിട്ടും ആ വീട്ടിൽ ചികിത്സക്ക് പോകാൻ തുടങ്ങിയിട്ടും വർഷങ്ങളുടെ പഴക്കം, ഇരുവരെയും കുറിച്ച് എനിക്ക് പറയാൻ ഒരുപാട് ഉണ്ട് ,തത്കാലം പഴയ കാര്യങ്ങൾ പറയാതെ അടുത്തിടെ അവരുടെ ഒരു പശുവിന് സംഭവിച്ച ഒരു അസുഖാവസ്ഥയെക്കുറിച്ചും അതിനെ പരിപാലിക്കാർ ആ അമ്മയും മകനും കാണിച്ച ആർജവത്തെപറ്റി മാത്രം പറയാം …
ഈ അടുത്തിടെ അമ്മയുടെ ആറു മാസം ഗർഭിണിയായ സുന്ദരി ഹോൾസ്റ്റീൻ പശു കിടപ്പായിപ്പോയി ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റിനോക്കിയിട്ടും മൂന്ന് ദിവസം ശ്രമിച്ചിട്ടും പശു എണീറ്റില്ല …
സാധ്യമായ എല്ലാ കാര്യങ്ങളും സാർ ചെയ്യണമെന്ന അമ്മയുടെയും മകന്റെയും ഒരേ സ്വരത്തിലുള്ള ആവശ്യപ്രകാരം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നും Cow lifting Device എടുക്കാൻ തീരുമാനിച്ചു അതിനായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ.പ്രേം ജയിൻ സാറുമായി ഫോണിൽ സംസാരിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ജില്ലയിൽ ഒരു മൃഗാശുപത്രിയുടെ കീഴിൽ ഇരുന്ന ഉപകരണം ഉപയോഗശേഷം എത്തിച്ചു തന്നു .
പശുവിനെ പൂർണ്ണമായും ഈ Device നുള്ളിലാക്കി ഉയർത്തി നിർത്തി ഇൻജക്ഷനും ഡ്രിപ്പുമെല്ലാം നൽകി എന്നിട്ടും പശു ചവിട്ടി നിൽക്കുന്നുണ്ടായിരുന്നില്ല അതിനുള്ളിൽ പാടെ തൂങ്ങിയായിരുന്നു കിടപ്പ്.
എന്റെ നിർദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് മണൽകിഴി കെട്ടി സന്ധികളിലെല്ലാം ചൂടുനൽകുന്നതും തൈലം പുരട്ടുനതുമെല്ലാം വളരെ സന്തോഷത്തോടെ അമ്മയും മകനും ചെയ്തു കൊണ്ടേയിരുന്നു.
പതിയെ പതിയെ പശു കാലുകൾ നിലത്ത് ഉറപ്പിച്ചു ആഹാരരീതി സാധാരണ ഗതിയിലായി ഡിവൈസ് തിരികെ നൽകേണ്ട സമയുവുമായി പശു പ്രസവിക്കാൻ ഇനിയും സമയമുണ്ട് …അതിൽ നിന്നും പുറത്താക്കുമ്പോൾ വീണ്ടും കിടന്നു പോകുമോ എന്ന ഭയാശങ്ക എല്ലാപേരുടെയും മനസ്സിൽ ഒരു കനലായി ഉണ്ട് എന്നിരുന്നാലും പശു സാധാരണ ഗതിയിൽ ആയതിനാൽ അടുത്ത അടിയന്തിര പ്രാധാന്യമുള്ള സ്ഥലത്തേക്ക് ഉപകരണം ഇളക്കി മാറ്റുന്ന സമയത്ത് ആ അമ്മയുടെയും മകന്റെയും എന്റെയും സുന്ദരി പശുവിന്റെയും മനസ്സിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടീമിനോടുള്ള നന്ദി പ്രകാശനം വാക്കുകളിലൂടെ അല്ലെങ്കിലും പ്രകടമായിരുന്നു.
ഒരാഴ്ച കഴിഞ്ഞയുടെനെ പശുവീണ്ടും കിടപ്പായി ,ഗർഭിണി ആയതിനാൽ നല്ല വയറും ഉണ്ടായിരുന്നു ഒറ്റ ദിവസം കൊണ്ട് തൊഴുത്തിനകത്ത് കിടന്ന് സ്വയം എണീക്കാനുള്ള എല്ലാ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ ഫലമായി ശരീരമാസകലം മുറിവുകളുമായി.
മരുന്നുകളൊക്കെ കൊടുത്തിട്ടും പശു എണീക്കാൻ സാധിക്കാതെ ബുദ്ധിമുട്ട് കൂടി വരുന്നതായാണ് കണ്ടത് ആഹാരം കൂടി കഴിക്കുമ്പോൾ വയർ വല്ലാണ്ട് വീർത്ത് മലർന്നായി കിടപ്പ്.വീണ്ടും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ലിഫ്റ്റിംഗ് ഡിവൈസിനെക്കുറിച്ച് അന്വോഷിച്ചപ്പോൾ മറ്റൊരു മൃഗാശുപത്രിയുടെ കീഴിൽ ഒരു പശുവിന്റെ ജീവൻ പിടിച്ചു നിർത്തിയിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത് ഏറ്റവും കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ക്ഷമിക്കേണ്ട സാഹചര്യം.
ആ അമ്മക്ക് വിങ്ങലും മകൻ ഉള്ളിൽ തേങ്ങുന്നെങ്കിലും മുഖത്ത് പുഞ്ചിരിയുമായി നമുക്ക് ഏതറ്റം വരെപ്പോയാലും ഈ പശുവിനെ നമുക്ക് രക്ഷപ്പെടുത്തണം സാറെ എന്നും പറഞ്ഞ് എന്നോട് കൂടി… ഞാനും ആകെ വിഷമത്തിലായി.
പശുവിന് ആറുമാസം ഗർഭാവസ്ഥ ആയതിനാൽ ഇനിയും പല പ്രാവശ്യം ലിഫ്റ്റിംഗ് ഡിവൈസിന്റെ ആവശ്യം വേണ്ടിവരുമെന്നുള്ള ചിന്ത വന്നതിനാലും ഒരെണ്ണം താൽകാലികമായി നിർമ്മിച്ചെടുക്കാൻ ആ അമ്മയുടെ മകനായ ബിജുവും ഞാനും കൂടി അങ്ങ് തീരുമാനിച്ചു എനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖല,എങ്കിലും ചിലവു കുറഞ്ഞ രീതിയിൽ പശുവിനെ നിറുത്താനായി എന്റെ നിർദേശങ്ങളും പൈപ്പും,നട്ടും ബോൾട്ടും ,ഒരു വെൽഡിംഗ് യൂണിറ്റ്ഒക്കെ സംഘടിപ്പിച്ച് ഒരെണ്ണം അങ്ങ് രണ്ടു പേരും കൂടി തട്ടികൂട്ടി ,പശുവിനെ തൊഴുത്തിൽ നിന്ന് പുറത്തിറക്കി രാത്രിക്കു രാത്രി ഇതിനുള്ളിലാക്കി ഉയർത്തി കെട്ടി ആദ്യ ദിവസം കഷ്ടപ്പെട് ഇടക്കിടക്ക് ചവിട്ടി നിന്നെങ്കിലും രണ്ടാം ദിവസം അവൾ ഒന്നു നന്നായി നിന്നു കണ്ടപ്പോഴാണ് മനസ്സിന് സമാധാനമായത് ഞാൻ പക്ഷെ ആ സന്തോഷം പുറത്ത് കാണിച്ചില്ല എന്നേയുള്ളൂ.
ഒരു മിണ്ടാപ്രാണിയുടെ ജീവൻ പിടിച്ചു നിറുത്താൻ കഴിഞ്ഞാൽ, അതുമൂലം ഒരു കുടുംബത്തിന് താങ്ങായാൽ അതല്ലേ ഭാഗ്യം . അവർക്ക് സംസാരിക്കാൻ കഴിയുന്നില്ലന്നേ ഉള്ളൂ എല്ലാം മനസ്സിലാകുന്നുണ്ടാവും അല്ലേ ?ഇന്ദിരാമ്മക്കും മകനും കോടി പുണ്യം കിട്ടട്ടെ …
ഗർഭകാലം പൂർണ്ണമാകുന്നവരെ വീണ്ടും പല പ്രാവശ്യം പശു എണീക്കാൻ ബുദ്ധിമുട്ട് കാണിച്ചപ്പോഴൊക്കെ ഇതിനുള്ളിലാക്കി അവർ തന്നെ അതിനെ പരിപാലിച്ചു പോന്നു .
പ്രസവ സമയത്തോട് അടുത്തപ്പോഴേക്കും അമ്മപ്പശു വല്ലാതെ ബുദ്ധിമുട്ട് കാണിക്കാൻ തുടങ്ങിയപ്പോഴേക്കും അവർ ഈ ഡിവൈസിൽ നിന്നും പശുവിനെ പുറത്താക്കി ആഴ്ചകൾക്ക് മുന്നെ പുലർച്ചെ എന്റെ ഫോൺ ശബ്ദിച്ചു പശുകിടപ്പാണ് ,പ്രസവിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ കിടപ്പിലാണ് കഴിയുന്നത്രയും വേഗത്തിൽ ഞാൻ അവിടെ എത്തി പരിശോധന നടത്തിയപ്പോഴാണ് കിടാവ് പുറം തിരിഞ്ഞും കാലുകൾ മടങ്ങിയും ആണ് കിടക്കുന്നതെന്ന് മനസ്സിലായത്. തറയിൽ കിടന്ന് വിയർത്ത് ചോരയിൽ കുളിച്ച് മണിക്കൂറുകൾ കഷ്ടപ്പെട്ട് ഞങ്ങളെല്ലാപേരും കൂടി കിടാവിനെ പുറത്തെടുത്തു .കിടാവ് പൂർണ്ണ ആരോഗ്യവതിയായിരുന്നു അതും ഭാഗ്യം.ഡ്രിപ്പും ഇൻജക്ഷനുമൊക്കെ കൊടുത്ത് കുറെ കഴിഞ്ഞ് ക്ഷീണം മാറിയ യുടനെ പശു എണീറ്റു അതും മനസ്സിന് കുളിർമ ആയി .
അന്നേ ദിവസം തന്നെ വളരെ വൈകിയിട്ടും മറുപിള്ള വീണില്ല എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷീണിതാവസ്ഥയിലായിരുന്നെങ്കിലും വീട്ടിലേക്കുള്ള മടക്കയാത്ര ക്കിടെ അവിടുന്ന് തിരികെ വന്ന് ആ പ്രശ്നതിന് താത്കാലിക വിരാമമിട്ടു.
ഒരാഴ്ച കഴിഞ്ഞതും പാലുൽപാദനം നല്ല രീതിയിലായി തുടങ്ങിയതും അകിടുവീക്കം(acute mastitis) ഒരു തുള്ളി പാലില്ല ,ആഹാരം കഴിക്കുന്നില്ല അകിട് മുഴുവൻ വീർത്ത് ചുമന്ന് തടിച്ച് നാലു കാമ്പുകളിൽ (Teat)നിന്നും വെറും നീര് മാത്രം വീണ്ടും ശക്തമായ ഇടപെടലുകൾ വേണ്ട സാഹചര്യം ഇൻജക്ഷനും മരുന്നുകളുമൊക്കെ കൊടുത്തിട്ടും പശു ആഹാരം കഴിച്ചു തുടങ്ങിയത് തന്നെ മൂന്ന് ദിവസം കഴിഞ്ഞ ശേഷം, പാലുല്പാദനം തീരെ കുറഞ്ഞു എന്തായാലും പാൽ തെളിഞ്ഞു വരാൻ അഞ്ചു ദിവസത്തെ ചികിത്സ വേണ്ടി വന്നു .പാൽ പതിയെ പതിയെ അളവ് കൂടി കൊണ്ടിരുന്നു.
എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച് വന്നപ്പോഴാണ് പശുവീണ്ടും ആഹാരം കഴിക്കാതെ കീറ്റോസിസ് എന്ന അസുഖം ബാധിച്ച് ഭ്രാന്തമായ അവസ്ഥയിലേക്ക് എല്ലാ പേരെയും ഒന്നു കൂടി കൂട്ടികൊണ്ട് പോയി അതും ചികിത്സിച്ച് ഭേദമാക്കി ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നു കരുതിപ്പോരുന്നു,വന്നാലും കൈവിടില്ല.
കഴിഞ്ഞ ആറുമാസം തിരക്കുള്ള മാറനല്ലൂർ മൃഗാശുപത്രി കൂടാതെ ബാലരാമപുരം ആശുപത്രിയുടെ കൂടെ ചാർജ് എനിക്ക് വഹിക്കേണ്ടി വന്നിരുന്നു രണ്ട് ആശുപത്രിയുടെയും ജനകീയാസൂത്രണ പദ്ധതി, വകുപ്പ് തലപദ്ധതികൾ എല്ലാം തീർത്തു , കൊറോണ കാലമായിട്ടും ലീവെടുക്കാനാകാതെ , വിശ്രമമില്ലാതെ മഴയെന്നോ, വെയിലെന്നോ ,പകലെന്നോ രാത്രിയെന്നോ നോക്കാതെ ജോലി നോക്കേണ്ടി വന്നു എങ്കിലും എന്റെ ആശുപത്രി ജീവനക്കാരായ ശ്രീ.സാംരാജ് എ.ഫ്.ഒ ,ശ്രീ.മാത്യൂ മറ്റു ജീവനക്കാരുടെയും , മെറ്റേണിറ്റി ലീവിലായിരുന്നെങ്കിലും ഓൺലൈൻ ഫയൽ വർക്കുകളിൽ സഹായിച്ചിരുന്ന ബാലരാമപുരം മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.ആശാ വിജയനും മറ്റു സഹപ്രവർത്തകർക്കും ഈ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കുന്നതിൽ നേരിട്ടല്ലെങ്കിലും പങ്കുചേരാൻ സാധിച്ചു അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം പങ്കു വയ്ക്കുന്നു .
സുന്ദരിപശുവിനെ അവർക്ക് തിരിച്ചു കൊടുക്കാൻ സാധിച്ചതിനാലും , ഒരു ജീവൻ പിടിച്ചു നിർത്താനായി എന്നതിലും ഉപരി ഒരു കുടുംബത്തിന്റെ വരുമാനമാർഗവും നഷ്ടപ്പെടാതെ നോക്കാനായതിലും ഞാനും ഒരു പാട് സന്തോഷവാനാണ് ഇത്രയും കടമ്പകൾ കടന്നു വന്നെങ്കിലും ഇപ്പോൾ അവൾ ദിവസേന 15 ലിറ്ററോളം പാൽ നൽകി ആ അമ്മയുടെയും,മകന്റെയും ദു:ഖങ്ങളെല്ലാം മായ്ച്ചു കളഞ്ഞു.
ഒരു പാട് കഷ്ടപാടുണ്ടെങ്കിലും പ്രൊഫഷനോട് ഇഷ്ടം സ്നേഹം …..
Post Your Comments