ദേവാധിദേവകളില്‍ പ്രഥമസ്ഥാനീയനാണു ഗണപതി ഭഗവാന്. ഏതു പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിച്ചാല്‍ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. അതിനാല്‍ ഭഗവാന് വിഘ്നേശ്വരന് എന്നും അറിയപ്പെടുന്നു.ശിവഭഗവാന്റെയും പാര്‍വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണനാഥനായ ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായാണു ഗണപതിയെ കരുതുന്നത്. അതിനാല്‍ ഏതു കാര്യത്തിനു മുന്‍പും ഗണേശ സ്മൃതി ഉത്തമമാണ്.
ചിങ്ങമാസത്തിലെ വിനായക ചതുര്ഥിയും മാസത്തിലെ ആദ്യ വെളളിയാഴ്ചയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതി ഭഗവാനു പ്രധാനമാണ്. ദേവീദേവന്മാരില്‍ ഗണപതിക്കു മാത്രമാണ് ഒറ്റപ്രദക്ഷിണം വയ്ക്കാവൂ. പൂജ ചെയ്യേണ്ട പ്രധാന പുഷ്പങ്ങളാണു കറുകയും മുക്കൂറ്റിയും. ഗണപതി ക്ഷേത്രങ്ങളില്‍ കറുകമാല സമര്‍പ്പിക്കുന്നതു തടസ്സങ്ങള്‍ നീങ്ങുന്നതിനും മുക്കുറ്റിമാല സമര്‍പ്പിക്കുന്നതു ദാമ്പത്യഭദ്രതയ്ക്കും ഉത്തമം. മോദകവും അപ്പവുമാണു പ്രധാന നിവേദ്യം. വിഘ്നങ്ങളും ദുരിതങ്ങളും അകറ്റാന്‍ നടത്തുന്ന പ്രധാന വഴിപാടാണു ഗണപതിഹോമം. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തിയാല്‍ സകല ഗ്രഹപ്പിഴ ദോഷങ്ങളും അകന്നു ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാകും. മറ്റൊരു വഴിപാടാണു നാളികേരമുടയ്ക്കല്‍.
വീട്ടമ്മമാര്‍ക്കു നിത്യവും വീട്ടില്‍ ചെയ്യാവുന്ന ഗണപതിഹോമമാണു ചെംഗണപതിഹോമം. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകള്‍ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതില്‍ തേങ്ങാപ്പൂളും ശര്‍ക്കരയും അല്പം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാല്‍ ചകിരിത്തൊണ്ടില് തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോള്‍ ഗണേശന്റെ മൂലമന്ത്രമായ ”ഓം ഗം ഗണപ തയേ നമഃ” ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തില്‍ സര്‍വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.
Post Your Comments